എഴുത്തുവഴിയില്‍ 50 വര്‍ഷം: അംബികാസുതന്‍ മാങ്ങാടിന് കാസര്‍കോടിന്റെ സ്‌നേഹാദരം
അംബികാസുതന്‍ സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധത കാട്ടിയ എഴുത്തുകാരന്‍-ആഷാ മേനോന്‍;
കാസര്‍കോട്: എഴുത്തിന്റെ 50 വര്‍ഷം പിന്നിട്ട പ്രശസ്ത നോവലിസ്റ്റും കഥാകാരനുമായ ഡോ. അംബികാസുതന്‍ മാങ്ങാടിന് കാസര്‍കോടിന്റെ ആദരം. ഹുബാഷിക പബ്ലിക്കേഷന്‍സ് ഇന്നലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അംബികാസുതന്‍ മാങ്ങാടിന്റെ 50 കഥകള്‍ അടങ്ങുന്ന സമാഹാരമായ മഴവില്ലും ചൂരല്‍ വടിയും എന്ന പുസ്തകത്തിന്റെ പ്രകാശനവും നിറഞ്ഞ സദസിന് മുമ്പാകെ നടന്നു. പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വഹിച്ചു. എഴുത്തുകാരന്‍ റഫീഖ് ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി.
അംബികാസുതന്‍ മാങ്ങാടിന്റെ എഴുത്തിന്റെ 50 വര്‍ഷം പരിസ്ഥിതി സമരങ്ങളുടെ 50 വര്‍ഷം കൂടിയാണെന്ന് ആഷാ മേനോന്‍ പറഞ്ഞു. അധ്യാപനത്തിനിടയിലും എഴുത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അംബികാസുതന്റേത്. അദ്ദേഹം വെറുതെ എഴുതിപ്പോവുകയല്ല, കഠിനമായ പഠനങ്ങളിലൂടെ വായനക്കാരന് ഉപകാരപ്പെടുന്ന, സമൂഹത്തെ പലതും ബേധ്യപ്പെടുത്തുന്ന, പ്രയോജനകരമായ എഴുത്തുകളാണ് സമ്മാനിച്ചത്. എഴുതി കാശാക്കുക എന്ന ചിന്ത അംബികാസുതന് ഇല്ല. തങ്ങള്‍ക്ക് ഒരു നേട്ടവുമില്ലാത്ത കാര്യത്തിന്റെ പേരില്‍ കൊടിയ ദുരിതം അനുഭവിക്കേണ്ടിവന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പോരാടുകയും അവര്‍ക്ക് തണല്‍ സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം. എന്‍മകജെ എന്ന നോവല്‍ വിറ്റ് കിട്ടിയ റോയല്‍റ്റിയില്‍ നിന്ന് ഒരു പൈസ പോലും അംബികാസുതന്‍ എടുത്തില്ല. ആ തുക മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കി. ഒരു എഴുത്തുകാരന് സമൂഹത്തോട് ഉണ്ടായിരിക്കേണ്ട പ്രതിബദ്ധത എത്രമാത്രമാണെന്ന് തെളിയിച്ച മനുഷ്യസ്‌നേഹിയായ എഴുത്തുകാരനാണ് അംബികാസുതന്‍-ആഷാ മേനോന്‍ പറഞ്ഞു. സജയ് കെ.വി മുഖ്യപ്രഭാഷണം നടത്തി. പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. റഹ്‌മാന്‍ തായലങ്ങാടി, ഡോ. ഇ. ഉണ്ണികൃഷ്ണന്‍, നാരായണന്‍ പേരിയ, കെ.വി മണികണ്ഠദാസ്, രേഖാ കൃഷ്ണന്‍ പ്രസംഗിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് തന്റെ എഴുത്തനുഭവങ്ങള്‍ വിവരിച്ചു. എം.വി സന്തോഷ് സ്വാഗതവും ആര്‍.എസ് രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
മനോഹരമായ ഗാനസദസും ഉണ്ടായിരുന്നു.