റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണമെന്ന് റിപ്പോര്‍ട്ട്; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
ലാഹോര്‍: പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. സ്റ്റേഡിയത്തിന് സമീപത്തെ കിച്ചണ്‍ കോംപ്ലക്‌സ് പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മേഖല സീല്‍ ചെയ്തു. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റേഡിയത്തിനുനേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പിഎസ്എല്‍ ക്രിക്കറ്റ് മത്സരം കറാച്ചിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. പെഷ്‌വാര്‍ സല്‍മിയും കറാച്ചി കിങ്‌സും തമ്മിലുള്ള പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരം നടക്കുന്നതിന്റ മണിക്കൂറുകള്‍ക്ക് മുമ്പാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള കിച്ചണ്‍ കോംപ്ലക്‌സ് തകര്‍ന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംഭവത്തിന് പിന്നാലെ സ്ഥലം സീല്‍ ചെയ്തുവെന്നും ഡ്രോണ്‍ എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണെന്നുമാണ് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാത്രി എട്ടിനാണ് റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പെഷ്വാര്‍ സല്‍മിയും കറാച്ചി കിങ്‌സും തമ്മിലുള്ള മത്സരം നടക്കേണ്ടിയരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മത്സരം കറാച്ചി സ്റ്റേഡിയത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് .