ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ 10ാം തവണയും സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിനെത്തി മോദി, അമിത് ഷാ അടക്കമുള്ള നേതാക്കള്‍
ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും ഉപമുഖ്യ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു;
ബിഹാര്‍: ജനതാദള്‍ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും ഉപമുഖ്യ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു, ഒപ്പം മറ്റ് നിരവധി നേതാക്കള്‍ക്കൊപ്പം പുതിയ ബിഹാര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഗാന്ധി മൈതാനില്‍ വ്യാഴാഴ്ച രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, എന്‍ഡിഎയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞദിവസം നിയമസഭയുടെ സെന്‍ട്രല്‍ ഹാളില്‍ നടന്ന 202 നിയമസഭാംഗങ്ങളുടെ യോഗത്തില്‍ നിതീഷിനെ എന്‍ഡിഎയുടെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ജെഡിയു പ്രത്യേക യോഗത്തില്‍ നിതീഷിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ നേതാവായി സമ്രാട്ട് ചൗധരിയെയും ഉപനേതാവായി വിജയ് സിന്‍ഹയെയും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി തുടരും.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. 243 ല്‍ 202 സീറ്റുകളുമായി വന്‍ ഭൂരിപക്ഷം നേടിയ ശേഷം കഴിഞ്ഞയാഴ്ച ബീഹാറില്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) അധികാരത്തില്‍ തിരിച്ചെത്തി. ബിജെപി 89 സീറ്റും ജെഡിയു 85 സീറ്റും എല്‍ജെപി (ആര്‍വി)19 സീറ്റും എച്ച്.എ.എം 5 സീറ്റും ആര്‍എല്‍എം 4 സീറ്റും നേടി, ഇന്ത്യ സഖ്യത്തിന് 35 സീറ്റു മാത്രമാണ് ലഭിച്ചത്.
നിയമസഭാ സ്പീക്കറെ തിരഞ്ഞെടുത്തിട്ടില്ല. സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്താന്‍ ജെഡിയുവുമായി പാര്‍ട്ടി ശക്തമായി വിലപേശിയതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ പ്രേം കുമാറാണ് പുതിയ സ്പീക്കറാകാന്‍ സാധ്യത.