വരന്റെ 2ാം വിവാഹത്തിനിടെ അപ്രതീക്ഷിതമായി പൊലീസുമായി ആദ്യ ഭാര്യയുടെ രംഗപ്രവേശം; പിന്നീട് സംഭവിച്ചത്!
താലികെട്ടിന് തൊട്ടുമുമ്പായിരുന്നു തെളിവുകള്‍ സഹിതമുള്ള ആദ്യ ഭാര്യയുടെ പ്രവേശനം;
ഉത്തര്‍പ്രദേശ്: വരന്റെ രണ്ടാം വിവാഹത്തിനിടെ അപ്രതീക്ഷിതമായി പൊലീസുമായി ആദ്യ ഭാര്യയുടെ രംഗപ്രവേശം. താലികെട്ടിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു ആദ്യഭാര്യ വിവാഹം മുടക്കാനുള്ള എല്ലാ തയാറെടുപ്പുകളുമായി സ്ഥലത്തെത്തിയത്. യുപിയിലെ ബസ്തിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള പൈകൗലിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പിരൈല ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
ദൈനിക് ഭാസ്‌കറിലെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗണേഷ് പൂരിലെ വാള്‍ട്ടര്‍ഗഞ്ചില്‍ നിന്നുള്ള ലവ് കുഷ് എന്നറിയപ്പെടുന്ന വിനയ് അംഗദ് ശര്‍മ്മ പിരൈലയില്‍ നിന്നുള്ള ഒരു പ്രാദേശിക പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു. നവംബര്‍ 17 തിങ്കളാഴ്ച രാത്രി വിവാഹ ഘോഷയാത്ര ഒരു ബാന്‍ഡും പതിവ് ആഘോഷങ്ങളോടെയും എത്തി. എന്നാല്‍ വരന്റെ ആദ്യ ഭാര്യ രേഷ്മ ശര്‍മ്മ പൊലീസിനൊപ്പം എത്തിയതോടെ സംഭവം നാടകീയമായ വഴിത്തിരിവിലെത്തി.
രാത്രി 11:30 ഓടെ രേഷ്മ വേദിയിലേക്ക് ഇരച്ചുകയറി, വിനയ് വീണ്ടും വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ വധുവിന്റെ കുടുംബത്തിനോട് ആവശ്യപ്പെട്ടു. വരന്‍ ഇതിനകം തന്നെ വിവാഹിതനാണെന്നും അവര്‍ വധുവിന്റെ കുടുംബത്തേയും അവിടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരേയും അറിയിച്ചു. തെളിവായി അവരുടെ വിവാഹ ഫോട്ടോകളും വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.
വിനയ് തന്റെ ഭര്‍ത്താവാണെന്ന് രേഷ്മ ആവര്‍ത്തിച്ച് വാദിക്കുകയും വീണ്ടുമൊരു വിവാഹം കഴിക്കാന്‍ തയ്യാറായതിന് എല്ലാവരുടെയും മുന്നില്‍ മറുപടി നല്‍കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. അവിടെ നഗരത്തില്‍ ഒരു വിവാഹം ഇവിടെ ഗ്രാമത്തില്‍ മറ്റൊരു വിവാഹം, രണ്ട് പെണ്‍കുട്ടികളാണ് ചതിക്കപ്പെടുന്നതെന്നും രേഷ്മ പറഞ്ഞു. എന്നിരുന്നാലും, വിനയ് യുവതിയെ അറിയില്ലെന്നും താന്‍ മുമ്പ് വിവാഹം കഴിച്ചിട്ടില്ലെന്നും അവകാശപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രേഷ്മയ്ക്ക് വിനയുമായി ഒമ്പത് വര്‍ഷത്തെ ബന്ധമുണ്ടെന്ന് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും കോളേജില്‍ ഒരുമിച്ച് പഠിച്ചതാണ്. പ്രണയത്തിലായിരുന്ന ഇരുവരും 2022 മാര്‍ച്ച് 30 ന് കോടതിയില്‍ വച്ച് വിവാഹം കഴിച്ചു. തുടര്‍ന്ന് 2022 ഡിസംബര്‍ 8 ന് കുടുംബാംഗങ്ങള്‍ ഒത്തുകൂടി ഗംഭീരമായി തന്നെ വിവാഹം നടത്തിക്കൊടുത്തു.
എന്നാല്‍ പിന്നീട് ദാമ്പത്യ ബന്ധം വഷളായി, നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണ്. വിവാഹമോചനം ഇതുവരെ നടന്നിട്ടില്ലെന്നും രേഷ്മ കൂടിനിന്നവരെ ബോധ്യപ്പെടുത്തി. വിനയ് രണ്ടാമത് വിവാഹം കഴിക്കുന്ന വിവരം അറിഞ്ഞ് അത് മുടക്കാനായി ഗുജറാത്തിലെ അങ്കലേശ്വറില്‍ നിന്നാണ് താന്‍ വന്നതെന്നും രേഷ്മ പറഞ്ഞു.
രേഷ്മയെ ശാന്തയാക്കാന്‍ വധുവിന്റെ കുടുംബം ശ്രമിച്ചു. വിവാഹ വേദിയിലെ വാക്ക് തര്‍ക്കങ്ങളെല്ലാം കണ്ട് നിന്നിരുന്ന വധു മണ്ഡപത്തില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു മുറിയിലേക്ക് പോവുകയും പിന്നീട് വിവാഹം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങി.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് കൂടുതല്‍ സംഘര്‍ഷം ഉണ്ടാകുന്നത് തടഞ്ഞു. വിനയ്, രേഷ്മ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അതേസമയം കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ അധികൃതര്‍ ശ്രമിച്ചു. വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹം നിയമപരമായി അസാധുവാണെന്ന് സ്റ്റേഷന്‍ ചുമതലയുള്ളയാള്‍ സ്ഥിരീകരിച്ചതായും അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.