കര തൊടാന്‍ ഫെങ്കല്‍; തമിഴ്‌നാട്ടില്‍ മഴ ശക്തം

കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോ മീറ്ററില്‍ നിന്ന് 70 കിലോ മീറ്ററായി.

Update: 2024-11-30 05:02 GMT

Courtesy- IMD

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫെങ്കല്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു. ചെന്നൈ ഉള്‍പ്പെടെയുള്ള തീരദേശമേഖലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചയോടെ മഴയുടെ തീവ്രത കൂടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പുതുച്ചേരിയില്‍ മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു. മേഖലയില്‍ ശക്തമായ തിരമാലയും കനത്ത മഴയും പെയ്തേക്കുമെന്നാണ് സൂചന. ചെങ്കല്‍പേട്ട്, വില്ലുപുരം, കഡ്ഡല്ലൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് റെഡ് അലേര്‍ട്ട് നിലനില്‍ക്കുകയാണ്.

പുതുച്ചേരിക്കടുത്ത് കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ആയിരിക്കും കാറ്റ് കൂടുതല്‍ നാശം വിതയ്ക്കാന്‍ സാധ്യത. ഇവിടങ്ങളില്‍ കാറ്റും മഴയുമുണ്ടാകും. ഇന്ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോ മീറ്ററില്‍ നിന്ന് 70 കിലോ മീറ്ററായി. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ അതി ശക്തമായ മഴ ഉണ്ടായേക്കാം. വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാവാം. ചെന്നൈ റീജ്യണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് ബാലചന്ദ്രന്‍ പറഞ്ഞു. പുതുച്ചേരിയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. ചെന്നൈ, തിരുവള്ളുവര്‍ ,ചെങ്കല്‍പേട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ലകുറിച്ചി, കഡ്ഡലൂര്‍ ജില്ലകളിലും പുതുച്ചേരിയിലും നാളെ റെഡ് അലേര്‍ട്ട് നിലനില്‍ക്കും.

Similar News