ഷാഹിന സലീം കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണാവും; കെ.എം ഹനീഫ് വൈസ് ചെയര്‍മാനാവാന്‍ സാധ്യത
ഷാഹിന സലീം, കെ.എം. ഹനീഫ്
കാസര്‍കോട്: മത്സരിച്ച 23 സീറ്റുകളില്‍ 22ഉം സ്വന്തമാക്കി കാസര്‍കോട് നഗരസഭയിലെ എക്കാലത്തെയും മികച്ച മുന്നേറ്റം നടത്തിയ മുസ്ലിംലീഗ് വീണ്ടും അധികാരത്തിലേക്ക്. 1968ല്‍ രൂപീകൃതമായ കാസര്‍കോട് നഗരസഭയില്‍ 1995ല്‍ ഒരുതവണ മാത്രമാണ് മുസ്ലിംലീഗിന് അഞ്ച് വര്‍ഷം ഭരണം നഷ്ടമായത്. 1968ല്‍ സി.പി.എം നേതാവ് എം. രാമണ്ണറൈയായിരുന്നു ചെയര്‍മാനെങ്കിലും, അന്ന് സംസ്ഥാന തലത്തിലുണ്ടായിരുന്ന ധാരണ പ്രകാരം, സഭയില്‍ ഭൂരിപക്ഷ അംഗങ്ങളുണ്ടായിരുന്ന മുസ്ലിംലീഗിന്റെ പിന്തുണയോടെയാണ് രാമണ്ണറൈയെ ചെയര്‍മാനാക്കിയത്.
39 അംഗ കാസര്‍കോട് നഗരസഭയില്‍ ഇത്തവണ മൃഗീയ ഭൂരിപക്ഷത്തോടെയാണ് മുസ്ലിംലീഗ് അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ ഇത്തവണ വിജയിച്ചതോടെ കാസര്‍കോട് നഗരസഭയിലെ നിലവിലെ യു.ഡി.എഫിന്റെ അംഗബലം 24 ആണ്.
തുരുത്തി വാര്‍ഡില്‍ നിന്ന് വിജയിച്ച ഷാഹിന സലീം നഗരസഭാ ചെയര്‍പേഴ്‌സണാവും. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാണ് ഷാഹിന. ചെയര്‍മാന്‍ പദവി വനിതാ സംവരണമായതിനാല്‍ ഈ സ്ഥാനത്ത് അവരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാഹിനയെ ഇത്തവണ മുസ്ലിംലീഗ് കാസര്‍കോട്ട് ഇറക്കിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ ഷാഹിനയുടെ ഭരണ മികവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഷാഹിനതയുടേതല്ലാതെ മറ്റൊരു പേരും ഉയര്‍ന്നുവന്നിട്ടില്ല. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയുടെ അടുത്ത ബന്ധുവാണ്.
പള്ളിക്കാല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച കെ.എം ഹനീഫ് വൈസ് ചെയര്‍മാനായേക്കും. നിലവിലെ കൗണ്‍സിലിലെ ഏക അംഗം കൂടിയാണ് ഹനീഫ്. ഇത്തവണ പള്ളിക്കാല്‍ വാര്‍ഡില്‍ നിന്ന് കാസര്‍കോട് നഗരസഭയിലെ ഏറ്റവും ഉയര്‍ന്ന വോട്ട് നേടിയാണ് ഹനീഫ് വിജയിച്ചത്. 825 വോട്ട് നേടിയ ഹനീഫ് 733 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മികച്ച ജനപിന്തുണയുള്ള നേതാവാണ്. മുസ്ലിംലീഗ് മുനിസിപ്പല്‍ ജന. സെക്രട്ടറി ഹമീദ് ബെദിരയുടെ പേരും കേള്‍ക്കുന്നു