തട്ടിപ്പുകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ കേന്ദ്രം; ട്രായ് നിര്‍ദേശപ്രകാരം വാട്‌സ്ആപ്പിന് നോട്ടീസ്

Update: 2024-12-06 05:19 GMT

സന്ദേശങ്ങള്‍ കൈമാറാവുന്ന പ്ലാറ്റ്‌ഫോമുകളിലെ തട്ടിപ്പുകള്‍ കൂടിയ പശ്ചാത്തലത്തില്‍ വാട്‌സ്ആപിന്റെ മാതൃകമ്പനി മെറ്റയ്ക്ക് ഇലക്ട്രോണിക്‌സ്& ഐ.ടി മന്ത്രാലയം കത്തയച്ചു. തട്ടിപ്പുകളുടെ ഉറവിടം മെസ്സേജുകള്‍ക്കുള്ള പ്ലാറ്റ്‌ഫോമുകളിലാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രശ്‌നത്തെ വളരെ ഗൗരവത്തോടെ നേരിടാനാണ് തീരുമാനമെന്നും തട്ടിപ്പുകാര്‍ പുതിയ വഴികള്‍ തേടും എന്നിരിക്കെ ഇതൊരു തുടര്‍പ്രക്രിയയാണെന്നും ഇലക്ട്രോണിക്‌സ്& ഐ.ടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണന്‍ പറഞ്ഞു. വാട്‌സ് ആപ്പിന്റെ സ്റ്റേക്‌ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച നടത്തുകാണ്. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ പരാതിപരിഹാര സംവിധാനമോ ഓഫീസറോ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വാട്‌സ്ആപ്പുകളിലേക്ക് എത്തുന്ന വ്യാജ കോളുകളും സന്ദേശങ്ങളും തടയാന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇത്തരം വിഷയങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ വാട്‌സ്ആപ്പിനും നിര്‍ദേശം നല്‍കിയതായി ട്രായ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി അറിയിച്ചു.

വാട്‌സ്ആപ്, ടെലിഗ്രാം, സിഗ്നല്‍ പോലുള്ള ഒടിടി ആപ്പുകള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ പരിധിയിലാണ് വരുന്നത്. ട്രായ്ക്കും ടെലികോം വകുപ്പിനും കീഴിലല്ല. ഇത്തരം ആപ്പുകളിലേക്ക് നിരന്തരം കടന്നുവരുന്ന തട്ടിപ്പ് മെസ്സേജുകള്‍ പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ ട്രായിയും ടെലികോം വകുപ്പും ഐ.ടി മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ നല്‍കി വരികയാണ്. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് വേണ്ടിയാണ് തട്ടിപ്പ് സംഘം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഫോണിലെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് വഴി വ്യക്തിവിവരങ്ങളും മറ്റ് വിവരങ്ങളും സംഘം ചോര്‍ത്തിയെടുക്കുന്നു. ഒ.ടി.പി വാങ്ങി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങളും കൂടിവരികയാണ്.

Similar News