വില കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി; സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 70,120 രൂപ
കഴിഞ്ഞദിവസം രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു.;
സ്വര്‍ണവില കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കി നേരിയ വര്‍ധനവ്. കഴിഞ്ഞദിവസം രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഉപഭോക്താക്കള്‍ സ്വര്‍ണവില ഇനിയും കുറയുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വില കൂടുന്ന കാഴ്ചയാണ് കണ്ടത്.
സമീപകാലത്ത് ഒറ്റദിവസം ഇത്രയും വില ഇടിയുന്നത് ആദ്യമാണ്. പവന് രാവിലെ 1320 രൂപ കുറഞ്ഞതിന് ശേഷം ഉച്ചയോടെ 1,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രില്‍ 15നു ശേഷം പവന്‍വില 70,000 രൂപ നിരക്കിലേക്ക് താഴുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്.
കേരളത്തില്‍ ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 8,765 രൂപയും പവന് 120 രൂപ വര്‍ധിച്ച് 70,120 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍, യുഎസ്-ചൈന വ്യാപാര ഡീല്‍ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞദിവസത്തെ കൂപ്പുകുത്തല്‍.
രാജ്യാന്തര സ്വര്‍ണവില ഇന്നലെ 3,280 ഡോളറില്‍ നിന്ന് ഔണ്‍സിന് 3,224 ഡോളറിലേക്കും വീണിരുന്നു. ഇന്ന് വില കൂടുതല്‍ ഇടിഞ്ഞേക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേ, പത്ത് ഡോളറിന്റെ വര്‍ധനയുണ്ടായതാണ് കേരളത്തിലും വില ഉയരാന്‍ കാരണമായി.
ഇന്നലെ കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ രാജ്യാന്തരവില ഔണ്‍സിന് 3,224 ഡോളറും രൂപയുടെ മൂല്യം 84.80വും ആയിരുന്നു. ഇന്ന് വിലനിര്‍ണയിക്കുമ്പോള്‍ രാജ്യാന്തര വിലയുള്ളത് 3,234 ഡോളറില്‍. 10 ഡോളറിന്റെ വര്‍ധന. രൂപയുള്ളത് 84.66ലും. ഇതോടെ, കേരളത്തിലെ സ്വര്‍ണവിലയും ഉയര്‍ത്തി നിശ്ചയിക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നു. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,220 രൂപയായി. എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ നല്‍കിയ വില ഗ്രാമിന് 10 രൂപ തന്നെ ഉയര്‍ത്തി 7,190 രൂപ. വെള്ളിവില ഇരു കൂട്ടരും ഗ്രാമിന് 108 രൂപയില്‍ നിലനിര്‍ത്തി.
ഈ മാറ്റം താല്‍ക്കാലികമായേക്കാമെന്നാണ് വിപണി വിദഗ്ധര്‍ ചുണ്ടിക്കാണിക്കുന്നത്. യുഎസ്-ചൈന ധാരണയുടെ ദീര്‍ഘകാല ഫലം വ്യക്തമല്ലാത്തതിനാല്‍, അടുത്ത ദിവസങ്ങളില്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം.