സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ, പവന് 72,080

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്;

Update: 2025-07-07 05:54 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒറ്റയടിക്ക് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വീഴ്ച. ഔണ്‍സിന് 26 ഡോളര്‍ ഇടിഞ്ഞ് 3,311 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. യുഎസും വിവിധ രാജ്യങ്ങളുമായുള്ള താരിഫ് (പകരച്ചുങ്കം) ചര്‍ച്ചകള്‍ ഊര്‍ജിതമായതാണ് സ്വര്‍ണവിലയെ പ്രധാനമായും താഴേക്ക് നയിച്ചത്.

കേരളത്തില്‍ ഗ്രാമിന് 50 രൂപ കുറഞ്ഞ് വില 9,010 രൂപയും പവന് 400 രൂപ താഴ്ന്ന് 72,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഗ്രാമിന് 10 രൂപ കൂടി 9060 രൂപയിലും പവന് 80 രൂപ കൂടി 72480 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വര്‍ണവില ഇനിയും ഉയരുമെന്ന് കരുതിയിരിക്കുമ്പോഴാണ് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ വിലയിടിവ് ഉണ്ടായിരിക്കുന്നത്.

ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെ വിശേഷ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസമായിരിക്കുകയാണ് ഈ വില തകര്‍ച്ച. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 72840 രൂപയാണ്. ഏറ്റവും കുറവ് ഇന്ന് രേഖപ്പെടുത്തിയ നിരക്കും. വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റം വന്നേക്കാം എന്നാണ് വിദഗ്ധരുടെ നിഗമനം. 18 കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞിട്ടുണ്ട്.

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം ഇന്നു 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,435 രൂപയായി. വെള്ളി വില ഗ്രാമിന് 119 രൂപയില്‍ നിലനിര്‍ത്തി. അതേസമയം, എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് നല്‍കിയ വില ഗ്രാമിന് 40 രൂപ കുറച്ച് 7,390 രൂപയാണ്. വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 116 രൂപ.

താരിഫ് പ്രശ്‌നങ്ങള്‍ അകലുന്നതും യുക്രെയ്ന്‍-റഷ്യ, ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ അയവുവരുത്താനുള്ള ട്രംപിന്റെ നീക്കങ്ങളുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. പ്രതിസന്ധികള്‍ അകലുന്നത് രാജ്യാന്തര സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാണ്. ഓഹരി, കടപ്പത്ര വിപണികള്‍ മെച്ചപ്പെടുകയും ചെയ്യും. ഇത് സ്വര്‍ണ നിക്ഷേപങ്ങളുടെ തിളക്കംകെടുത്തും, ഇതോടെ വില താഴും.

രാജ്യാന്തര സ്വര്‍ണവില, സ്വര്‍ണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്), രൂപ-ഡോളര്‍ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തില്‍ സ്വര്‍ണവില നിര്‍ണയം നടത്തുന്നത്.

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ രാജ്യാന്തരവിലയ്ക്ക് പുറമെ മുംബൈവില ഗ്രാമിന് 52 രൂപയും ബാങ്ക് റേറ്റ് 54 രൂപയും കുറഞ്ഞത് നേട്ടമായി. എന്നാല്‍, രൂപ ഡോളറിനെതിരെ 18 പൈസ ഇടിഞ്ഞ് 85.57ലാണ് വ്യാപാരം ആരംഭിച്ചത്. അല്ലായിരുന്നെങ്കില്‍ ഇന്നു കേരളത്തില്‍ സ്വര്‍ണവില കൂടുതല്‍ താഴുമായിരുന്നു.

സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ 3% ജി.എ.സ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതല്‍ 35% വരെയൊക്കെയാകാം. 5% പണിക്കൂലി കണക്കാക്കിയാല്‍ തന്നെ ഇന്നു കേരളത്തില്‍ ഒരു പവന്‍ ആഭരണത്തിന് വാങ്ങല്‍വില 78,030 രൂപയാകും. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,755 രൂപയ്ക്കടുത്തും.

Similar News