കുന്ദാപൂരില്‍ രാമക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച വിഗ്രഹങ്ങള്‍ മോഷ്ടാക്കള്‍ നദിക്കരയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

Update: 2025-03-13 06:37 GMT

മാംഗലൂര്‍: കുന്ദാപൂരില്‍ രാമക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച വിഗ്രഹങ്ങള്‍ മോഷ്ടാക്കള്‍ നദിക്കരയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ്. ഇക്കഴിഞ്ഞ മാര്‍ച്ച് 11 രാത്രിയാണ് കോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷിരിയാര്‍ കലാമാര്‍ഗിയിലെ രാമക്ഷേത്രത്തില്‍ നിന്നും ശ്രീരാമന്റെയും മറ്റ് ദേവതകളുടെയും വിഗ്രഹം മോഷ്ടിക്കപ്പെട്ടത്. മാര്‍ച്ച് 12 ന് രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തുവന്നത്.

പിന്നീട് ഈ വിഗ്രഹങ്ങള്‍ നദിക്കരയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് കോട്ട പൊലീസും ബ്രഹ്‌മാവര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിവാകറും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും എത്തിയിരുന്നു. കോട്ട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മോഷ്ടാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

മേക്കെ കാട്ടു ശ്രീ നന്ദികേശ്വര ക്ഷേത്രത്തില്‍ മാരി ഹബ്ബ ഉത്സവം നടക്കുന്നതിനാല്‍, മോഷണം തടയാന്‍ നന്ദികേശ്വര ഭഗവാന്‍ തന്നെ ഇടപെട്ടുവെന്നാണ് വിഗ്രഹം തിരിച്ചുകിട്ടിയ സംഭവത്തോടുള്ള ഭക്തരുടെ പ്രതികരണം.

സമീപകാലത്ത് മേഖലയില്‍ നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. അതുകൊണ്ടുതന്നെ അധികൃതര്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Similar News