അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; ബസ് തടഞ്ഞ് വച്ച് ഡ്രൈവറെ പൊലീസിന് കൈമാറി നാട്ടുകാര്‍

ബെജായി ഗവണ്‍മെന്റ് ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച സിറ്റി ബസ് ആണ് ജനങ്ങള്‍ തടഞ്ഞുവച്ച് ട്രാഫിക് പൊലീസിന് കൈമാറിയത്;

Update: 2025-11-27 11:10 GMT

മംഗളൂരു: അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയും കാല്‍നട യാത്രക്കാരുടെ സഞ്ചാരത്തിന് തടസം വരുത്തുകയും ചെയ്ത ബസ് തടഞ്ഞ് വച്ച് ഡ്രൈവറെ പൊലീസിന് കൈമാറി നാട്ടുകാര്‍. ബെജായി ഗവണ്‍മെന്റ് ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച സിറ്റി ബസ് ആണ് പൊതുജനങ്ങള്‍ തടഞ്ഞുവച്ച് പാണ്ഡേശ്വര്‍ ട്രാഫിക് പൊലീസിന് കൈമാറിയത്.

ബുധനാഴ്ച, ലാല്‍ബാഗില്‍ നിന്ന് മംഗള ദേവിയിലേക്ക് പോകുകയായിരുന്ന റൂട്ട് നമ്പര്‍ 15 ബസിനെതിരെയാണ് നടപടി. ജംഗ്ഷനില്‍ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിച്ചെന്നും അമിതവേഗതയില്‍ ഡ്രൈവര്‍ വാഹനമോടിച്ച് ജംഗ്ഷനില്‍ കാത്തുനിന്ന ഒരു ബൈക്കില്‍ ഇടിച്ച് യാത്രക്കാരനെ റോഡില്‍ തള്ളിയിട്ടു എന്നുമാണ് ആരോപണം. ബസ് അശ്രദ്ധമായി ഓടിക്കുന്നത് കണ്ട് സമീപത്തുള്ള മറ്റ് കാല്‍നടയാത്രക്കാരും വാഹന യാത്രക്കാരും ഇതോടെ പരിഭ്രാന്തരായി.

തുടര്‍ന്ന് അക്ഷമരായ ജനങ്ങള്‍ ബസ് നിര്‍ത്തി, ഡ്രൈവറെ താഴെയിറക്കി, പൊലീസിനെ വിവരമറിയിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബസ് പിടിച്ചെടുക്കുകയും പിഴ അടച്ചതിനുശേഷം മാത്രമേ തിരികെ നല്‍കൂ എന്ന് നിര്‍ദ്ദേശിക്കുകയുമായിരുന്നു.

Similar News