കൈകമ്പയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2025-03-11 04:47 GMT

കഡബ: കൈകമ്പയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുബ്രഹ്‌മണ്യ-ഉപ്പിനങ്ങാടി സംസ്ഥാന പാതയില്‍ കൈകമ്പയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടം.

ബൈക്ക് യാത്രികനായ ബിലിനേല്‍ ചേരുവിലെ പരേതനായ വിശ്വനാഥിന്റെ മകന്‍ വിന്യാസ് (23) ആണ് മരിച്ചത്. ബിലിനേല്‍ ഗ്രാമത്തിലെ കൊട്ടെഹോളിനടുത്ത് കഡബയിലേക്ക് പോകുകയായിരുന്ന ബസ് കൈകമ്പയിലേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിന്യാസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു. കൂടെയുണ്ടായിരുന്ന അമ്മയും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

വിന്യാസിന്റെ മൃതദേഹം കഡബ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭവസ്ഥലത്തെത്തിയ കഡബ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Similar News