ചുട്ടുപൊള്ളുന്നു കര്‍ണാടക തീരദേശ മേഖല; സുള്ള്യയില്‍ 40.1 ഡിഗ്രി സെല്‍ഷ്യസ് റെക്കോര്‍ഡ് ചൂട്

Update: 2025-03-04 04:53 GMT

ബംഗളൂരു: ഇത്തവണത്തെ അന്തരീക്ഷ താപനില കൂടുമെന്ന് ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. പ്രവചനം പോലെ തന്നെ രാജ്യത്തുടനീളം താപനില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് 15 സംസ്ഥാനങ്ങളില്‍ മെയ് മാസം വരെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്  നല്‍കിയിരിക്കുന്നത്.

കനത്ത ചൂടില്‍ വലയുകയാണ് കര്‍ണാടകയിലെ തീരദേശ മേഖല. ദക്ഷിണ കന്നഡ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ അസ്സഹനീയമായ ചൂടാണ്.കര്‍ണാടക സ്റ്റേറ്റ് നാച്ചുറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം സുള്ള്യ താലൂക്കില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായ 40.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഫെബ്രുവരി 28നും മാര്‍ച്ച് ഒന്നിനുമാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. ഫെബ്രുവരി27ന് ബെല്‍ത്തങ്കടി താലൂക്കിലെ കോക്കറില്‍ റെക്കോര്‍ഡ് താപനിലയായ 40.4 ഡിഗ്രി രേഖപ്പെടുത്തി.

ദക്ഷിണ കന്നഡയിലെയും ഉത്തര കന്നഡയിലെയും വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.1901 ന് ശേഷം ഇതാദ്യമായാണ് ഇത്രയും ചൂടേറിയ ഫെബ്രുവരി മാസമുണ്ടാകുന്നതെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്.

Similar News