ആന്ധ്രാപ്രദേശിലെ ബസ് ദുരന്തത്തില്‍ മരിച്ച ബെംഗളൂരുവിലെ യാത്രക്കാരെ കണ്ടെത്താന്‍ കര്‍ണാടക സംഘം കര്‍ണൂലിലേക്ക്

വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണൂലിനടുത്ത് ഹൈദരാബാദ്-ബെംഗളൂരു ബസില്‍ ഉണ്ടായ തീപിടുത്തത്തില്‍ 20 പേരാണ് മരിച്ചത്;

Update: 2025-10-24 08:28 GMT

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ബസ് ദുരന്തത്തില്‍ മരിച്ച ബെംഗളൂരുവിലെ യാത്രക്കാരെ കണ്ടെത്താന്‍ കര്‍ണാടക സംഘം കര്‍ണൂലിലേക്ക് പുറപ്പെട്ടു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണൂലിനടുത്ത് ഹൈദരാബാദ്-ബെംഗളൂരു ബസില്‍ ഉണ്ടായ തീപിടുത്തത്തില്‍ 20 പേരാണ് മരിച്ചത്. ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്ത ബസ് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു.

യാത്രയ്ക്കിടെ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഇന്ധന ടാങ്കിന് തീപിടിച്ചാണ് അപകടം സംഭവിച്ചത്. 41 യാത്രക്കാരാണ് സംഭവ സമയത്ത് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. മരിച്ച 20 പേരില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള നാലംഗ കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. ദീപാവലി ആഘോഷത്തിനായി രമേശ് എന്നയാളും ഭാര്യയും രണ്ട് കുട്ടികളും സ്വന്തം നാടായ ഹൈദരാബാദിലേക്ക് പോയതായും സംഭവം നടന്നപ്പോള്‍ കുടുംബം ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ മരണത്തിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് കര്‍ണാടക പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് മന്ത്രി റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:

രാജ്യത്ത് എവിടെയും സര്‍വീസ് നടത്താന്‍ അനുവദിക്കുന്ന ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസിന് ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഉദ്യോഗസ്ഥരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കര്‍ണൂലിന് ഏറ്റവും അടുത്തുള്ള പട്ടണമായ ബാഗേപള്ളിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി കര്‍ണാടകയില്‍ നിന്നുള്ള യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അവര്‍ക്ക് ഒരു നിശ്ചിത റൂട്ട് ഇല്ല. ഒരു പ്രത്യേക സംസ്ഥാനത്തിന് നികുതി നല്‍കാതെ അത്തരം ബസുകള്‍ സര്‍വീസ് നടത്താന്‍ നിയമം അനുവദിക്കുന്നു. മുമ്പ്, ബസുകള്‍ക്ക് അടിയന്തര വാതിലുകള്‍ ഉണ്ടായിരുന്നില്ല. സമാനമായ ഒരു ദുരന്തത്തിന് ശേഷം, എല്ലാ ആര്‍ടിസി, സ്വകാര്യ ബസുകളിലും അടിയന്തര ഇരട്ട വാതിലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതായും മന്ത്രി റെഡ്ഡി പറഞ്ഞു.

ബസ് അപകടത്തില്‍ മരിച്ചവര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മറ്റ് നേതാക്കള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

'ഹൈദരാബാദ്-ബെംഗളൂരു റൂട്ടില്‍ കര്‍ണൂല്‍ ജില്ലയിലെ ചിന്നതേകുരു ഗ്രാമത്തിനടുത്തുണ്ടായ ദാരുണമായ ബസ് ദുരന്തത്തില്‍ അസ്വസ്ഥതയും വേദനയും തോന്നുന്നു. ഈ ഹൃദയഭേദകമായ സംഭവത്തില്‍ നിരവധി വിലയേറിയ ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,' എന്ന് സിദ്ധരാമയ്യ പറഞ്ഞു.

'ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ ഹൈദരാബാദ്-ബെംഗളൂരു ഹൈവേയില്‍ ബസിന് തീപിടിച്ച് നിരവധി വിലയേറിയ ജീവനുകള്‍ നഷ്ടപ്പെട്ട ദാരുണമായ സംഭവം അതീവ ദു:ഖകരമാണ്. ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ യാത്രക്കാരുടെയും ദുഃഖിതരായ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും ഖാര്‍ഗെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ സംഭവത്തെ 'ഹൃദയഭേദകം' എന്നാണ് വിശേഷിപ്പിച്ചത്.

Similar News