ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ചതിനുശേഷം നിര്‍ത്താതെ പോയി; കന്നഡ നടി ദിവ്യ സുരേഷിനെതിരെ കേസ്
സംഭവത്തില്‍ ഉള്‍പ്പെട്ട കാര്‍ പിടിച്ചെടുത്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി ഡോ. അനൂപ് ഷെട്ടി പറഞ്ഞു;
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ചതിനുശേഷം നിര്‍ത്താതെ പോയ കാര്‍ ഉടമയെ തിരിച്ചറിഞ്ഞു. ഒക്ടോബര്‍ 4 ന് പുലര്‍ച്ചെ 1.30 ഓടെ ബൈതാരായണപുരയിലെ നിത്യ ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റ അപകടത്തില്‍ ഉള്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ മുന്‍ ബിഗ് ബോസ് കന്നഡ മത്സരാര്‍ത്ഥിയും നടിയുമായ ദിവ്യ സുരേഷ് ആണെന്ന് കഴിഞ്ഞദിവസം സിറ്റി ട്രാഫിക് പൊലീസ് തിരിച്ചറിഞ്ഞു.
ഇടിച്ച ഇരുചക്ര വാഹനം ഓടിച്ചിരുന്ന കിരണ്‍ ജിയുടെ പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ 7 ന് കേസില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കസിന്‍മാരായ അനുഷ, അനിത എന്നിവരോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കിരണ്‍, അമിതവേഗതയില്‍ വന്ന ഒരു കാര്‍ തങ്ങളുടെ ബൈക്കില്‍ ഇടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
കിരണിനും അനുഷയ്ക്കും നിസാര പരിക്കാണ് സംഭവിച്ചതെങ്കിലും, അനിതയ്ക്ക് കാലിന് ഒടിവ് സംഭവിച്ചു, തുടര്‍ന്ന് ബിജിഎസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തു. അപകട സ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് വാഹനം ഓടിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞത്. തുടക്കത്തില്‍, വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നതെന്ന് പരിക്കേറ്റവര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പൊലീസ് കാര്‍ ട്രാക്ക് ചെയ്യുകയും ദിവ്യ സുരേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട കാര്‍ പിടിച്ചെടുത്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി ഡോ. അനൂപ് ഷെട്ടി പറഞ്ഞു.