തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: സുധന്‍ സന്‍സീരി കണ്ടെപന്‍, റാം അരവിന്ദ്, രജികുമാര്‍ എന്നിവര്‍ക്ക് അര്‍ദ്ധ സെഞ്ച്വറി

ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ തകര്‍ത്ത് സിറ്റി സെന്‍ട്രല്‍ ലീഗ് ചെന്നൈ സെമിയില്‍;

Update: 2025-04-23 15:46 GMT

കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബുധനാഴ്ച രാവിലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സിറ്റി സെന്‍ട്രല്‍ ലീഗ് (സി.സി.എല്‍) ചെന്നൈക്ക് ജയം.

176 റണ്‍സിന് ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത സി.സി.എല്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ സുധന്‍ സന്‍സീരി കണ്ടെപന്‍ 72 (28), റാം അരവിന്ദ് 60 (34), രജികുമാര്‍ 51 (29) എന്നിവരുടെ ബാറ്റിംഗ് ആണ് സി.സി.എല്ലിന് മികച്ച റണ്‍സ് സമ്മാനിച്ചത്.

ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയന്റെ വിഷ്ണു അനില്‍ 4 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ട്രാവന്‍കൂര്‍ 12.2 ഓവറില്‍ 37 റണ്‍സിന് എല്ലാവരും പുറത്തായി. സി.സി.എല്ലിന്റെ സരവണന്‍ 4, മഥിവനന്‍ 2, ജാബെസ് മോസസ് 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. 12 റണ്‍സെടുത്ത ശ്യാം കുമാര്‍ മാത്രമാണ് രണ്ടക്കം കണ്ട ട്രാവന്‍കൂറിന്റെ ഏക ബാറ്റര്‍. സി.സി.എല്ലിന്റെ സുധന്‍ സന്‍സീരി കണ്ടെപനാണ് കളിയിലെ താരം. ജയത്തോടെ സി.സി.എല്‍ സെമിയില്‍ കടന്നു.

Similar News