കാഞ്ഞങ്ങാട്ട് വി.വി രമേശന്‍ ചെയര്‍മാനാകും; വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലതക്ക് സാധ്യത

Update: 2025-12-15 10:39 GMT

കാഞ്ഞങ്ങാട്: ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ ഭരണം നിലനിര്‍ത്തിയ ഇടതുമുന്നണി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ചെയര്‍മാനുമായ വി.വി രമേശനെ നിര്‍ദ്ദേശിക്കും. നഗരസഭ തിരഞ്ഞെടുപ്പിന്റെ ആരംഭഘട്ടത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി ആരുടെയും പേര് പറഞ്ഞിരുന്നില്ല. എന്നാല്‍ പൊടുന്നനെയാണ് രമേശനെ മുന്‍നിര്‍ത്തി ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി 21നെതിരെ 22 സീറ്റുകള്‍ നേടി ഇടതുമുന്നണി ഭരണം നിലനിര്‍ത്തുകയായിരുന്നു. നാലാം വാര്‍ഡായ അതിയാമ്പൂരില്‍ നിന്നാണ് രമേശന്‍ 374 വോട്ടിന് വിജയിച്ചത്. അതിനിടെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഐ.എന്‍.എല്‍ സ്വതന്ത്ര എ.ഡി ലതയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. പതിനഞ്ചാം വാര്‍ഡ് കവ്വായിയില്‍ നിന്നാണ് ലത വിജയിച്ചത്.2015-20 കാലഘട്ടത്തില്‍ ഐ.എന്‍.എല്ലിന്റെ സ്വതന്ത്രയായി വിജയിച്ചിരുന്ന ലത ഐ.എന്‍.എല്ലിലെ എല്‍. സുലൈഖയുമായി ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കിടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സുലൈഖ രാജിവെക്കാത്തതിനാല്‍ ലതക്ക് അവസരം നഷ്ടപ്പെടുകയായിരുന്നു. അന്ന് നഷ്ടപ്പെട്ട അവസരം ലതക്ക് ലഭിപ്പിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Similar News