മികച്ച നേട്ടം കൊയ്തപ്പോഴും ജില്ലാ പഞ്ചായത്ത് ഭരണം ഉള്‍പ്പെടെയുള്ളവ ലഭിക്കാത്തതിന്റെ സങ്കടത്തില്‍ യു.ഡി.എഫ്

Update: 2025-12-15 11:02 GMT

കാസര്‍കോട്: ഗ്രാമ പ്രദേശങ്ങളില്‍ എല്ലായിടങ്ങളിലും വലിയ മുന്നേറ്റം സൃഷ്ടിക്കാനായെങ്കിലും ജില്ലാ പഞ്ചായത്ത് ഭരണം ഉള്‍പ്പെടെയുള്ളവ സ്വന്തമാക്കാനാവാത്തതിന്റെ സങ്കടത്തിലാണ് യു.ഡി.എഫ്. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ മുമ്പുണ്ടായിരുന്ന രണ്ടെണ്ണമൊഴികെ ഭരണത്തിലെത്താനും ആയില്ല. ഇടത് കേന്ദ്രമായ മറ്റു ഇടങ്ങളില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനായി. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ചെങ്കിലും ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ ഭരണം നഷ്ടമായി.

കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും യു.ഡി.എഫ് ജില്ലയിലുണ്ടാക്കിയത് വന്‍ മുന്നേറ്റമാണ്. ആകെയുള്ള 955 തദ്ദേശ വാര്‍ഡുകളില്‍ 438 വാര്‍ഡുകളും നേടിയാണ് യു.ഡി.എഫ് ആധിപത്യം. പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ വാര്‍ഡുകളില്‍ യു.ഡി.എഫ് മുന്നേറി. കഴിഞ്ഞ തവണ 255 വാര്‍ഡുകളാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. അത് ഇരട്ടിയോളമായി വര്‍ധിപ്പിക്കാനായി.

9 പഞ്ചായത്തുകളാണ് യു.ഡി.എഫ് പുതുതായി നേടിയത്. മുളിയാര്‍, പൈവളിഗെ, പുത്തിഗെ, ഉദുമ, വലിയപറമ്പ, വൊര്‍ക്കാടി, ദേലംപാടി, മീഞ്ച പഞ്ചായത്തുകളാണ് അധികം നേടിയത്. അതേസമയം കയ്യിലുണ്ടായിരുന്ന വെസ്റ്റ് എളേരി, പടന്ന എന്നിവ നഷ്ടപ്പെടുകയും ചെയ്തു. പുല്ലൂര്‍-പെരിയ, ബദിയടുക്ക പഞ്ചായത്തുകളില്‍ തുല്യത പാലിച്ചു. സ്വതന്ത്രയെ മുന്‍നിര്‍ത്തി കഴിഞ്ഞ തവണ ഭരിച്ച മഞ്ചേശ്വരം പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിക്കുകയും ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട 5 പഞ്ചായത്തുകളും തിരിച്ചുപിടിക്കാന്‍ സാധിച്ചത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

ഉദുമ മണ്ഡലത്തിലെ ദേലംപാടി, മുളിയാര്‍, ഉദുമ എന്നിവയും എല്‍.ഡി.എഫില്‍നിന്ന് പൊരുതി നേടി.

പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖര നേടിയ മിന്നുംജയം ശ്രദ്ധേയമാണ്. ബി.ജെ.പിയുടെ സിറ്റിങ് ഡിവിഷനാണ് സോമശേഖരനെ ഇറക്കി കോണ്‍ഗ്രസ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു.

കാസര്‍കോട് നഗരസഭയിലും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലും ബി.ജെ.പിയുടെ സീറ്റുകള്‍ പിടിച്ചെടുക്കാനും സാധിച്ചു. കാറഡുക്ക ബ്ലോക്കിലെ ദേലംപാടി ഡിവിഷനും സി.പി.എമ്മില്‍ നിന്ന് പിടിച്ചെടുത്തു. മുസ്ലിംലീഗ് കേന്ദ്രങ്ങളിലും മലയോര മേഖലയിലും വന്‍ മുന്നേറ്റമാണ് യു.ഡി.എഫ് നടത്തിയത്.

കാലങ്ങളായി സി.പി.എമ്മിന്റെ കോട്ടകളായി അറിയപ്പെടുന്ന പല കേന്ദ്രങ്ങളും ഇത്തവണ അവരെ കൈവിട്ട കാഴ്ചയാണ്. ദേലംപാടിയും ഉദുമയും ഉള്‍പ്പെടെ 8 പഞ്ചായത്തുകളാണ് നഷ്ടമായത്. ദേലംപാടി, മുളിയാര്‍ പഞ്ചായത്തുകളിലെ സി.പി.എം കേന്ദ്രങ്ങളില്‍ ബി.ജെ.പി മുന്നേറ്റം നടത്തുകയും ചെയ്തു. കഴിഞ്ഞ തവണ 19 പഞ്ചായത്തുകളില്‍ ഭരണത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ് ഇത്തവണ 13ലേക്ക് ചുരുങ്ങി. ആകെ തദ്ദേശ വാര്‍ഡുകളിലും ക്ഷീണം സംഭവിച്ചു.

തദ്ദേശ വാര്‍ഡുകളില്‍ എക്കാലത്തും ജില്ലയില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന എല്‍.ഡി.എഫിന് ഇക്കുറി യു.ഡി.എഫിനെക്കാള്‍ എത്രയോ പിറകിലാണ്. 337 വാര്‍ഡുകളാണുള്ളത്. പഞ്ചായത്ത് വാര്‍ഡുകളാണ് എല്‍.ഡി.എഫിന് കൂടുതല്‍ നഷ്ടമുണ്ടായത്. കാസര്‍കോട് നഗരസഭയില്‍ 2 സീറ്റ് നേടി അക്കൗണ്ട് തുറന്നെങ്കിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലായി 9 എണ്ണം നഷ്ടപ്പെട്ടു.

മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങളില്‍ ഒരിടത്തുപോലും മുന്നണിക്ക് ഭരണമില്ലെന്ന ദുരവസ്ഥയിലേക്കും തോല്‍വി എല്‍.ഡി.എഫിനെ എത്തിച്ചു. ന്യൂനപക്ഷ മേഖലകളിലാണ് എല്‍.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ടത്.

ബി.ജെ.പിക്കും പ്രതീക്ഷിച്ച മുന്നേറ്റം ജില്ലയില്‍ നടത്താനായില്ല. ജില്ലാ പഞ്ചായത്തില്‍ ഉണ്ടായിരുന്ന രണ്ട് ഡിവിഷനുകളില്‍ ഒന്ന് നഷ്ടപ്പെടുകയുണ്ടായി.

കയ്യിലുണ്ടായിരുന്ന 3 പഞ്ചായത്തുകള്‍ക്കൊപ്പം കുംബഡാജെ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റം അവകാശപ്പെടാനില്ല. 6 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ നഷ്ടപ്പെട്ടതും നേതൃത്വത്തെ അമ്പരിപ്പിച്ചു. കാസര്‍കോട് നഗരസഭയിലും 2 വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. ദേലംപാടി, മുളിയാര്‍ പഞ്ചായത്തുകളില്‍ കുതിപ്പുണ്ടാക്കാനായി.

കഴിഞ്ഞ തവണ 112 തദ്ദേശ വാര്‍ഡുകളില്‍ വിജയിച്ച ബി.ജെ.പി ഇക്കുറി 133 വാര്‍ഡുകളാണ് നേടിയത്. പുതുതായി പല വാര്‍ഡുകള്‍ നേടിയെങ്കിലും നേരത്തെ ഉണ്ടായിരുന്ന പല വാര്‍ഡുകളും നഷ്ടപ്പെടുകയുമുണ്ടായി.

Similar News