പുതിയൊടുക്കലിന് അടയുണ്ടാക്കാന്‍ അഞ്ചുവയസുകാരി ദേവന്യയും

Update: 2025-12-13 11:15 GMT

ഉദുമ പടിഞ്ഞാര്‍ വീട് തറവാട്ടില്‍ പുതിയൊടുക്കലിന് മുതിര്‍ന്നവരോടൊപ്പം അടപുരട്ടുന്ന ദേവന്യ

പാലക്കുന്ന്: തൊണ്ടച്ചന് പുത്തരിവിളമ്പാനുള്ള തിരക്കിലാണ് വയനാട്ടുകുലവന്‍ തറവാടുകള്‍. തറവാട്ടിലെ അംഗങ്ങളുടെയും സന്താനങ്ങളുടെയും സംഗമവേദി കൂടിയാണ് തറവാടുകളില്‍ നടക്കുന്ന വാര്‍ഷിക പുതിയൊടുക്കല്‍ അടിയന്തിരം. ചടങ്ങില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും പ്രത്യേക രുചിക്കൂട്ടില്‍ വാഴയിലയില്‍ ചുട്ടെടുക്കുന്ന അട പ്രസാദമായി നല്‍കുന്നതാണ് രീതി. ഇതിനായി നൂറുകണക്കിന് അടകള്‍ തയ്യാറാക്കുന്നത് ഭാരിച്ച ജോലിയാണ്.

കുഴച്ച മാവ് വാഴയിലയില്‍ പുരട്ടുന്നത് പുരുഷന്മാരില്‍ മാത്രം ഒതുങ്ങിയിരുന്ന ജോലിയായിരുന്നുവെങ്കിലും അവരെ സഹായിക്കാന്‍ സ്ത്രീകളും ആ രംഗത്തേക്ക് വന്നുകഴിഞ്ഞു. ഇപ്പോഴിതാ ഒരു കൊച്ചു ബാലികയും. കഴിഞ്ഞ ദിവസം ഉദുമ പടിഞ്ഞാര്‍ വീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ ഇവരോടൊപ്പം അടപുരട്ടാന്‍ അഞ്ചുവയസുകാരി ദേവന്യയും കൂട്ടിനെത്തിയത് തറവാട്ടിലെത്തിയവര്‍ക്ക് കൗതുക വിശേഷമായി. പരസഹായമില്ലാതെ ഒട്ടേറെ കൊടിയിലയില്‍ കുഴച്ച മാവ് പരത്തി പുരട്ടി ദേവന്യ താരമായി. കൂട്ടക്കനിയിലെ സുരേന്ദ്രന്റെയും അംബികയുടെയും മകളായ ഈ കൊച്ചു മിടുക്കി എല്‍. കെ.ജിക്കാരിയാണ്. മുതിര്‍ന്നവര്‍ ചെയ്യുന്ന ജോലികള്‍ അനുകരിക്കാന്‍ മോള്‍ മിടുക്കിയാണെന്നാണ് അമ്മയുടെ സാക്ഷ്യം.


Similar News