തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: പൈ വൈസ്രോയ് സൈകോം സി.സി ആന്ധ്രപ്രദേശിനും ജാസ്മിന്‍ ഡേന്‍ജര്‍ ബോയ് സ് സി.സി തമിഴ്‌നാടിനും ജയം
രാകേഷിനും കൗഷികിനും സുജയ്ക്കും അര്‍ദ്ധ സെഞ്ച്വറി;
കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ് മിന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വ്യാഴാഴ്ച രാവിലെ നടന്ന ആവേശകരമായ മത്സരത്തില്‍ പൈ വൈസ്രോയ് സൈകോം സി.സി ആന്ധ്രപ്രദേശിന് ജയം.
14 റണ്‍സിന് ഇന്‍കം ടാക്‌സ് തമിഴ് നാട് & പോണ്ടിച്ചേരിയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത സൈകോം 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. രാകേഷ് 93(59), സമന്‍വിത് ഗഡ്ഡെ 38 (17), തനയ് ത്യാഗരാജന്‍ 22 (15) റണ്‍സും ഇന്‍കം ടാക്‌സിന്റെ സുരേഷ് ബാബു 3, മോഹന്‍ പ്രസാദ് 3 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്‍കം ടാക്‌സിന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. കൗഷിക് 56 (31), ലോകേശ്വര്‍ 45 (26), ഹരി നിശാന്ത് 36 (17), മുഹമ്മദ് 21 (9) റണ്‍സും സൈകോമിന്റെ ക്ലെമന്റ് രാജ് മോഹന്‍ 4, തനയ് ത്യാഗരാജന്‍ 2 വിക്കറ്റും നേടി. സൈകോമിന്റെ രാകേഷാണ് കളിയിലെ താരം.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തില്‍ ജാസ് മിന്‍ ഡേന്‍ജര്‍ ബോയ്‌സ് സി.സി തമിഴ് നാടിന് തകര്‍പ്പന്‍ ജയം. 10 വിക്കറ്റിന് മൂണ്‍സ്റ്റാര്‍ വിജയ സി.സി കര്‍ണ്ണാടകയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത മൂണ്‍സ്റ്റാര്‍ 14.4 ഓവറില്‍ 89 റണ്‍സിന് എല്ലാവരും പുറത്തായി. 12 റണ്‍സെടുത്ത ഇമ്രാന്‍ ഖാനാണ് ടോപ് സ്‌കോറര്‍.
ജാസ്മിന്റെ സഞ്ജയ് യാദവ് 3, സെല്‍വ കുമാരന്‍ 2, സരവണ കുമാര്‍ 2, അഭിഷേക് തന്‍വാര്‍ 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ജാസ് മിന്‍ 9.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം മറികടന്നു. ഓപണര്‍മാരായ സുജയ് 52 (32), വസീം അഹമ്മദ് 36(24) റണ്‍സുകള്‍ നേടി. സഞ്ജയ് യാദവാണ് കളിയിലെ താരം.