തേങ്ങ എടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ആള്‍ കയര്‍ വഴുതി വീണു; അഗ്‌നിരക്ഷാസേന പുറത്തെടുത്തു
കാസര്‍കോട്: നുള്ളിപ്പാടിയില്‍ തേങ്ങ എടുക്കാന്‍ കിണറ്റിലിറങ്ങി തിരികെ കയറുമ്പോള്‍ കയര്‍ വഴുതി കിണറ്റില്‍ വീണ ആളെ അഗ്നിരക്ഷാ സേനയെത്തി പുറത്തെത്തിച്ചു. നുള്ളിപ്പാടിയിലെ രാജേന്ദ്രന്‍ എന്നയാളുടെ വീട്ടുപറമ്പില്‍ ചാഞ്ഞു നില്‍ക്കുന്ന തെങ്ങ് കമ്പി ഉപയോഗിച്ച് വലിച്ച് കെട്ടാന്‍ വന്ന കോഴിക്കോട് നരിക്കുനി സ്വദേശിയും കുമ്പളയില്‍ താമസക്കാരനുമായ ഷെബീറാണ് (39) 50 അടി ആഴമുള്ള കിണറ്റില്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.
കിണറ്റില്‍ വീണ തേങ്ങ എടുക്കാനായി ഷെബീര്‍ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. തിരികെ കയറാന്‍ ശ്രമിക്കവെ പ്ലാസ്റ്റിക് കയര്‍ വഴുതി കൈവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ കാസര്‍കോട് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയും സീനിയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനയെത്തി. ഫയര്‍ ആന്റ്് റെസ്‌ക്യൂ ഓഫീസര്‍ വി.എസ് ഗോകുല്‍ കൃഷ്ണന്‍ കിണറ്റില്‍ ഇറങ്ങി ഷെബീറിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. സേനാംഗങ്ങളായ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) കെ.ആര്‍ അജേഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്. സാദിഖ്, പി.എം നൗഫല്‍, ഹോംഗാര്‍ഡുമാരായ എസ്. സോബിന്‍, പി.വി പ്രസാദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.