ടോസ് വഴി വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ലക്ഷ്മി നാട്ടുകാര്‍ക്കിടയില്‍ താരമായി
കുമ്പള: ടോസ് വഴി വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ലക്ഷ്മി വി. ഭട്ട് നാട്ടുകാര്‍ക്കിടയില്‍ താരാമായി മാറി. പുത്തിഗെ പഞ്ചായത്തിലെ എടനാട് 12-ാം വാര്‍ഡിലാണ് ലക്ഷ്മി മല്‍സരിച്ചത്. 12-ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും എല്‍.ഡി.എഫിലെ സ്ഥാനാര്‍ത്ഥി സരിതയും തമ്മില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. പുത്തിഗെ പഞ്ചായത്ത് വാര്‍ഡുകളിലെ വോട്ടര്‍മാരും രാഷ്ട്രീയ നേതാക്കളും ഏറ്റവും ശ്രദ്ധയോടെ നോക്കിയിരുന്ന വാര്‍ഡാണ് എടനാട്. ഫലം പുറത്ത് വന്നപ്പോള്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ലക്ഷ്മി വി. ഭട്ടിന് 408 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിതക്ക് 408 വോട്ടും ലഭിച്ചു. തുല്യ വോട്ടുകള്‍ ലഭിച്ചതോടെ പിന്നീട് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കുകയായിരുന്നു. ഇതില്‍ ലക്ഷ്മി വി. ഭട്ട് വിജയിച്ചതോടെയാണ് ബി.ജെ.പി. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ശ്വാസം നേരെ വീണത്.