ഓപ്പറേഷന്‍ ഡി ഹണ്ട്: നിലേശ്വരത്ത് വന്‍ എം.ഡി.എം.എ വേട്ട; കാപ്പ ചുമത്തി നാട് കടത്തിയ പ്രതിയില്‍ നിന്നും പിടികൂടിയത് 19.200 ഗ്രാം ലഹരി വസ്തുക്കള്‍

Update: 2025-03-23 05:28 GMT

നീലേശ്വരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നീലേശ്വരം പൊലീസ് റെയില്‍വ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ലഹരി വസ്തുക്കള്‍. കാപ്പ ചുമത്തി ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള പ്രതിയില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

പടന്നക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിഷ്ണു പി (29) ആണ് ലഹരി വസ്തുക്കളുമായി പിടിയിലായത്. നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയും പരിശോധിച്ചപ്പോള്‍ 19.200 ഗ്രാം എം.ഡി.എം.എ പിടികൂടുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ 9 മണിയോടെ കണ്ണൂര്‍ - യശ്വന്ത് പൂര്‍ ട്രെയിനില്‍ വന്ന യാത്രക്കാരെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നിലേശ്വരം എസ്. ഐ അരുണ്‍ മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സംഘത്തിലെ ദിലീഷ് എന്ന ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയ ഒരു യാത്രക്കാരനെ സംശയിക്കുകയും പരിശോധനയ്ക്കായി സമീപിക്കുകയും ചെയ്തു.

എന്നാല്‍ പൊലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ മറ്റ് പൊലീസുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു. നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ് വിഷ്ണു എന്ന് പൊലീസ് പറഞ്ഞു. ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ദേഹപരിശോധനയിലാണ് പാന്റിന്റെ പോക്കറ്റില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ കാപ്പ നിയമ ലംഘനത്തിനും, മയക്ക് മരുന്ന് കൈവശം വെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ശില്പ ഡി ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത്, നിലേശ്വരം ഇന്‍സ്‌പെക്ടര്‍ ബിന്‍ ജോയ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എസ്. ഐ അരുണ്‍ മോഹന്‍ SCPO മഹേഷ്, ദിലീഷ്, CPO അജിത്ത്, ജിതിന്‍ മുരളി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ സമര്‍ത്ഥമായി പിടികൂടിയത്.

Similar News