കന്യപ്പാടിയില്‍ കടയിലെ സ്റ്റോക്ക് റൂം തീവെച്ച് നശിപ്പിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍; അക്രമത്തിന് പിന്നില്‍ സോഡയും സിഗരറ്റും കടം നല്‍കാത്തതിലെ വിരോധമെന്ന് പൊലീസ്

Update: 2025-03-19 06:04 GMT

ബദിയടുക്ക: കന്യപ്പാടിയില്‍ കടയുടെ സ്റ്റോക്ക് റൂം തീവെച്ച് നശിപ്പിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. കന്യപ്പാടിക്ക് സമീപം തലപ്പനാജയിലെ സന്തു എന്ന സന്തോഷിനെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. സോഡയും സിഗരറ്റും കടം നല്‍കാത്തതിലുള്ള വിരോധം മൂലമാണ് കടയുടെ സ്റ്റോക്ക് റൂം ഇയാള്‍ തീവെച്ച് നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

മാര്‍ച്ച് 15ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുംട്ടിക്കാനയിലെ ലോറന്‍സ് ഡിസൂസയുടെ ഉടമസ്ഥതയില്‍ കന്യപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡക്കറേഷന്‍ കടയുടെ സ്റ്റോക്ക് റൂം മണ്ണെണ്ണ ഒഴിച്ച് തീവെച്ച് നശിപ്പിക്കുകയായിരുന്നു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജെ.കെ ബേക്കേര്‍സ് എന്ന മറ്റൊരു കടയും ലോറന്‍സിന്റെ ഉടമസ്ഥതയിലുണ്ട്. അടുത്തിടെയാണ് ഡക്കറേഷന്‍ കട പ്രവര്‍ത്തനമാരംഭിച്ചത്.

ലോറന്‍സിന്റെ പരാതിയില്‍ സന്തോഷിനെതിരെ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Similar News