തനിച്ച് താമസിക്കുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തി കവര്‍ച്ചക്ക് ശ്രമിച്ചതായി പരാതി

വായപൊത്തിപ്പിടിക്കുകയും പണം ചോദിച്ച് തലക്കടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വയോധിക;

Update: 2025-04-07 04:21 GMT

കാസര്‍കോട്: സ്ത്രീ തനിച്ച് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ച്ചക്ക് ശ്രമിച്ചതായി പരാതി. ചെമ്മനാട് ഈക്കോട്ടെ കമലാക്ഷി( 63)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കമലാക്ഷിയുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

നല്ല ഉറക്കത്തിലായിരുന്ന കമലാക്ഷി ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കിയപ്പോള്‍ ഹെഡ് ലൈറ്റ് വെച്ച ഒരാള്‍ അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ച് അകത്തുകയറിയതായി മനസ്സിലായി. മോഷ്ടാവ് കമലാക്ഷിക്കരികിലെത്തി വായപൊത്തിപ്പിടിക്കുകയും പണം എവിടെയാണ് വെച്ചതെന്ന് ചോദിക്കുകയും ചെയ്തു. മറുപടി നല്‍കാതിരുന്നതോടെ കമലാക്ഷിയുടെ തലക്കടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ അടുത്ത വീട്ടിലെ നായയുടെ തുടര്‍ച്ചയായ കുരകേട്ട് പരിസരവാസികള്‍ ഉണര്‍ന്നതായി മനസ്സിലാക്കിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇതോടെ ബഹളമുണ്ടാക്കി വീട്ടമ്മ അയല്‍വാസികളെ വിവരമറിയിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യമുള്ളതിനാല്‍ പന്നിയെ കണ്ടാണ് നായ കുരച്ചതെന്നാണ് പരിസരവാസികള്‍ ആദ്യം കരുതിയിരുന്നത്.

വീടിന്റെ മുന്‍ഭാഗത്തെയും പിറകുവശത്തെയും ബള്‍ബുകള്‍ ഊരിവെച്ചായിരുന്നു അതിക്രമം. മുറ്റത്ത് മദ്യകുപ്പിയും കണ്ടെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധനക്കെത്തിയിരുന്നു. കമലാക്ഷി ചെറിയ ഓടിട്ട വീട്ടില്‍ വര്‍ഷങ്ങളായി ഒറ്റക്കാണ് താമസം. ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. മക്കളില്ല. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Similar News