ബേക്കലില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ മഹാരാഷ്ട്ര സ്വദേശി മരിച്ചു
ബേക്കല്‍: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ മഹാരാഷ്ട്ര സ്വദേശി മരിച്ചു. മഹാരാഷ്ട്രയിലെ സകാലി സ്വദേശിയായ പ്രകാശ് ഗണേഷ് മല്‍ജയിന്‍(65) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ദുരന്തം സംഭവിച്ചത്. മംഗള എക്‌സ്പ്രസ് ബി -1 കോച്ചിലെ യാത്രക്കാരനായിരുന്ന ജയിന്‍ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നായിരുന്നു ദൃക് സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി.
ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ബേക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് പരുക്കേറ്റ നിലയില്‍ ജയിനെ കണ്ടെത്തി.
ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.