ഇരിയണ്ണിയില്‍ വീട്ടുമുറ്റത്തെ ചങ്ങലയില്‍ കെട്ടിയിട്ട നായയെ പുലി കടിച്ചുകൊന്നു; പ്രദേശവാസികള്‍ ഭീതിയില്‍

Update: 2025-03-24 06:35 GMT

മുള്ളേരിയ: ഇരിയണ്ണി ബേപ്പ് തായത്തുമൂലയില്‍ വീട്ടുമുറ്റത്തെ ചങ്ങലയില്‍ കെട്ടിയിട്ട നായയെ പുലി കടിച്ചുകൊന്നു. തായത്തുമൂലയിലെ കെ.വി നാരായണന്റെ നായക്ക് നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഇരുമ്പ് കൂട്ടിലുണ്ടായിരുന്ന നായ നിര്‍ത്താതെ കുരച്ചതിനെ തുടര്‍ന്ന് പുറത്ത് ചങ്ങലയില്‍ കെട്ടിയിട്ടതായിരുന്നു.

പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് നാല് വയസ് പ്രായമുള്ള നായയുടെ തല മാത്രം വീട്ടുമുറ്റത്ത് കാണുന്നത്. വീട്ടുടമ നാരായണന്‍, ഭാര്യ ശ്യാമള, മക്കളായ രതീഷ്, രമ്യ, രതീഷിന്റെ ഭാര്യ രാധാമണി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

വിവരമറിഞ്ഞ് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.കെ. നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ജയകുമാരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി.ജി അര്‍ജുന്‍, ആര്‍ അഭിഷേക്, യു. രവീന്ദ്ര എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി.

നായയെ പുലി തന്നെയാണ് പിടിച്ചതെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. മുളിയാര്‍, ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.

Similar News