ARRESTED | 'ബംഗളൂരുവില്‍ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി'; അധ്യാപികയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ബംഗളൂരു: വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്തുവെന്ന കേസില്‍ അധ്യാപികയുള്‍പ്പെടെ മൂന്നുപേരെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയായ ശ്രീദേവി (25), ഗണേഷ് കാലെ(38), സാഗര്‍ മോറെ(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയപുര നഗരത്തിലെ സ്ഥിരം കുറ്റവാളിയായ കാലെയ്‌ക്കെതിരെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
2023ലാണ് വ്യവസായി ശ്രീദേവിയുമായി പരിചയത്തിലായത്. ശ്രീദേവി പഠിപ്പിക്കുന്ന സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുതരാമെന്ന് പറഞ്ഞ് അധ്യാപിക വ്യവസായിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തന്റെ ബിസിനസ് പങ്കാളിയാകാന്‍ അധ്യാപിക നിര്‍ദ്ദേശിച്ചു. അധ്യാപിക വ്യവസായിയുമായുള്ള സ്വകാര്യ ആശയവിനിമയത്തിനായി ഒരു പ്രത്യേക സിം കാര്‍ഡ് പോലും വാങ്ങി. തുടര്‍ന്നാണ് തട്ടിപ്പ് ആരംഭിച്ചത്. വ്യവസായിയുടെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിച്ച അധ്യാപിക 15 ലക്ഷം രൂപ ആവശ്യപ്പെട്ടു.
എതിര്‍ത്തപ്പോള്‍ സ്വകാര്യ വീഡിയോകളും സന്ദേശങ്ങളും ഓണ്‍ലൈനില്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ വ്യവസായി ആദ്യഘട്ടമെന്ന നിലയില്‍ ഒരു ലക്ഷം രൂപ നല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് കുട്ടികളുടെ ട്രാന്‍സ് ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനെന്ന വ്യാജേന ശ്രീദേവി വ്യവസായിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി.
ഈ സമയം സ്‌കൂളില്‍ ശ്രീദേവിയും ഗണേഷ് കാലയും സാഗര്‍ മോറെയും മാത്രമാണുണ്ടായിരുന്നത്. മൂന്നുപേരും വ്യവസായിയോട് ഒരു കോടി രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 20 ലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പിലെത്തി. വീണ്ടും പണം കൈക്കലാക്കുകയും ചെയ്തു. മാര്‍ച്ച് 17 ന് 15 ലക്ഷം രൂപ കൂടി സംഘം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ വ്യവസായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.