കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ കാണാതായി വര്‍ഷങ്ങള്‍ പിന്നിട്ടു; കോടതിയില്‍ വിചാരണ മുടങ്ങി

By :  Sub Editor
Update: 2025-03-20 11:34 GMT

കാസര്‍കോട്: കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ കാണാതായി വര്‍ഷങ്ങള്‍ പിന്നിട്ടതോടെ കോടതിയില്‍ കേസിന്റെ വിചാരണയും മുടങ്ങി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായന്നൂരില്‍ താമസിച്ചിരുന്ന 22കാരിയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണക്കുള്ള നടപടികള്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടകിയില്‍ നടന്നുവരികയായിരുന്നു. 13 വര്‍ഷം മുമ്പാണ് യുവതിയെ കാണാതായത്. അതോടെ വിചാരണയും മുടങ്ങുകയായിരുന്നു. വിചാരണക്ക് ഹാജരാകാന്‍ യുവതിക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു. യുവതി കോടതിയില്‍ ഹാജരായില്ല. സമന്‍സുമായി യുവതിയുടെ മേല്‍വിലാസത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിച്ചെത്തിയപ്പോള്‍ യുവതി വീട്ടിലില്ലെന്ന വിവരമാണ് ലഭിച്ചത്. ആറുമാസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. കണ്ണൂര്‍ കൂത്തുപറമ്പിലുള്ള സഹോദരന്റെ വീട്ടില്‍ യുവതിയുള്ളതായി വീട്ടുകാര്‍ കരുതിയിരുന്നു. എന്നാല്‍ സഹോദരന്റെ വീട്ടിലില്ലെന്ന് അന്വേഷിച്ചപ്പോള്‍ വ്യക്തമായി. പല ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമില്ലാതിരുന്നതിനെ തുടര്‍ന്ന് കേസ് 2014ന് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും യുവതിയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ കേസ് മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനും നീക്കമുണ്ട്. ഒടയംചാലിലെ വീട്ടില്‍ ജോലിക്കിടെയാണ് യുവതിയെ പീഡിപ്പിച്ചത്.

Similar News