നായാട്ട് സംഘം വേട്ടയാടി കൊന്ന മലമാന്‍ പൂര്‍ണ ഗര്‍ഭിണി; മൂന്നാം പ്രതി കീഴടങ്ങി

By :  Sub Editor
Update: 2025-03-17 09:22 GMT

കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: കൊന്നക്കാട് മഞ്ചുച്ചാലില്‍ നായാട്ട് സംഘം വേട്ടയാടി കൊന്ന മലമാന്‍ പൂര്‍ണഗര്‍ഭിണിയാണെന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കേസിലെ മൂന്നാം പ്രതി കൊന്നക്കാട് ചെരുമ്പക്കോട് കുഞ്ഞിരാമന്‍(43) കീഴടങ്ങിയിരുന്നു. കുഞ്ഞിരാമനെ വനപാലകര്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് മലമാന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് വ്യക്തമായത്. ഈ കേസില്‍ മറ്റു പ്രതികളായ മുത്താണി വീട്ടില്‍ കെ. ബിജു (43), കണ്ണംവയലിലെ എം. ബിനു (36)എന്നിവരെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാണ്ടിലാണ്. കുഞ്ഞിരാമന്‍ ഒളിവിലായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയില്‍ കീഴടങ്ങിയത്. മലമാന്റെ കുഞ്ഞും മറ്റു അവശിഷ്ടങ്ങളും കക്കൂസ് കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മലമാന്റെ ഇറച്ചി വ്യാപകമായി വിതരണം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രാഹുലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.



Similar News