പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് പണം കവര്‍ന്നതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
കുമ്പള: പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പള്ളി ഇമാം ആയ കര്‍ണാടക മഞ്ഞനാടി സ്വദേശി സാഹിദ് ആണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചു വെച്ചിരുന്ന 32000 രൂപ കവര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പള്ളിയില്‍ ഇമാമായി ജോലി ചെയ്തുവരികയാണ് സാഹിദ്. മൊഗ്രാല്‍ മുഹ്യുദ്ദീന്‍ ജുമാമസ്ജിദിന് കീഴിലുള്ള മദ്രസയിലും അധ്യാപകനായി ജോലി ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച മാസ വരിസംഖ്യ സ്വരൂപിക്കാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് സാഹിദ് കുമ്പള പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
റമദാനില്‍ ഇമാമിന് ലഭിക്കുന്ന സഹായ തുകയും, പള്ളി പരിപാലന തുകയുമാണ് നഷ്ടപ്പെട്ടത്. ഇതിന് മുമ്പും ഖിളര്‍ പള്ളിയില്‍ സമാനമായ മോഷണ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മഹല്ല് നിവാസികള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇമാമിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. എന്നാല്‍ അത് പിന്നീട് തിരികെ ലഭിച്ചിരുന്നു. ഈ സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്.