സിഗരറ്റും സോഡയും കടം നല്‍കാത്തതിന് കടക്ക് തീവെച്ച യുവാവിനെതിരെ കേസ്
By : Online correspondent
Update: 2025-03-15 05:00 GMT
ബദിയടുക്ക: സാധനങ്ങള്‍ കടം നല്‍കാത്ത വിരോധത്തില്‍ കടക്ക് തീവെച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കന്യപ്പാടിക്ക് സമീപം കുംട്ടിക്കാനയിലെ ലാന്‍സര്‍ ഡിസൂസയുടെ പരാതിയില്‍ കന്യപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ജെ.കെ അറാഞ്ചസ് എന്ന കടയുടെ സ്റ്റോക്ക് റൂമാണ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്.
4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലാന്‍സറിന്റെ പരാതിയില്‍ തലപ്പനാജെയിലെ സന്തോഷ് എന്ന സന്തുവിനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ലാന്‍സറിന്റെ ഉടമസ്ഥതയിലുള്ള ജെ.കെ ബേക്കേര്‍സ് കടയിലെത്തിയ സന്തോഷ് സിഗരറ്റും സോഡയും കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കടക്ക് തീവെച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.