ATTACK | 'സിതാംഗോളിയില്‍ കൊലക്കേസ് പ്രതികള്‍ അടക്കമുള്ളവരുടെ അതിക്രമം; ബിവറേജ് ഔട്ട് ലെറ്റിന്റെ ബോര്‍ഡുകള്‍ തല്ലിതകര്‍ത്തു'

Update: 2025-04-01 05:53 GMT

സീതാംഗോളി : കൊലക്കേസ് പ്രതികളടക്കം സീതാംഗോളിയില്‍ അതിക്രമം നടത്തുന്നതായി പരാതി. ബിവറേജ് ഔട്ട്ലെറ്റിന്റെ ബോര്‍ഡുകള്‍ തല്ലി തകര്‍ത്തതായും ജീവനക്കാരികളെ അസഭ്യം പറയുകയും പുരുഷ ജീവനക്കാര്‍ക്ക് നേരെ ഭീഷണിയുയര്‍ത്തുകയും ചെയ്തതായും ആരോപണമുണ്ട്.

ഞായറാഴ്ച ഉച്ചയോടെ മദ്യം വാങ്ങാനെത്തിയ യുവാവ് ക്യു പാലിക്കാതെ മദ്യം മാത്രം വിതരണം ചെയ്യുന്ന കൗണ്ടറില്‍ പോയി മദ്യം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാരി മറ്റേ കൗണ്ടറില്‍ പോയി ബില്‍ വാങ്ങണമെന്ന് പറഞ്ഞപ്പോള്‍ ബില്‍ വാങ്ങാന്‍ എനിക്ക് അറിയാമെന്ന് പറയുകയും നിലത്ത് വെച്ചിരുന്ന നാല് ബോര്‍ഡുകളെടുത്ത് താഴേക്കെറിഞ്ഞ് ചവിട്ടി പൊളിക്കുകയും ഔട്ട് ലെറ്റിലെ ജീവനക്കാരികളെ അസഭ്യം പറയുകയും കൊലവിളി നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് യുവാവ് മടങ്ങിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

മദ്യം വാങ്ങി പരിസരത്ത് വെച്ച് കഴിച്ച് കൊലക്കേസ് പ്രതികളും പല ക്രിമിനല്‍ കേസുകളില്‍പ്പെട്ട മറ്റ് പ്രതികളും രാത്രി 11 മണിവരെ സിതാംഗോളിയിലും പരിസരത്തും അഴിഞ്ഞാടുന്നത് പതിവായതോടെ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്. വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ഒരു സംഘം രാത്രി കാലങ്ങളില്‍ നഗരത്തില്‍ സജീവമാണെന്നും പ്രദേശവാസികള്‍ പറയുന്നു.

ഭയം കാരണം ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ ജനങ്ങള്‍ മടിക്കുകയാണ്. വിവറേജ് ഔട്ട് ലെറ്റിന് നേരെ പല തവണ മദ്യപാനികളുടെ പരാക്രമം നടന്നിട്ടുണ്ട്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ചൊവ്വാഴ്ച ഉച്ചവരെ കുമ്പള പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

Similar News