അടിവേരറുക്കണം, ലഹരി മാഫിയയുടെ..

Update: 2025-03-07 10:33 GMT

ലഹരി തേടി പോകുന്ന യുവതലമുറയെ കടിഞ്ഞാണിടാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവം. സ്വന്തം മാതാവിനെയും അനുജനെയും വലിയുമ്മയെയും പിതൃസഹോദരനെയും അവരുടെ ഭാര്യയെയും പെണ്‍സുഹൃത്തിനെയും അതിക്രൂരമായി ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും മാതാവ് ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെടുകയും ചെയ്തു. മയക്കുമരുന്നിന് അടിമപ്പെട്ടാല്‍ ഇതിന് അപ്പുറവും ചെയ്യുന്ന ക്രൂരമായ ഒരു രീതിയിലേക്ക് എത്തുന്നു.

മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വലയില്‍ കുടുങ്ങി പോയാല്‍ അവിടെ മാതാവെന്നോ പിതാവെന്നോ കുടുംബമെന്നോ ചിന്തയുണ്ടാവുന്നില്ല. യുവതലമുറ അതിമാരകമായ എം.ഡി.എം.എയുടെയും കഞ്ചാവിന്റെയും അടിമയായി ജീവിക്കുമ്പോള്‍ വീട്ടുകാര്‍ അറിയുന്നില്ല മക്കള്‍ വഴിതെറ്റിപ്പോകുന്ന കാര്യം. എത്ര ബോധവല്‍ക്കരണവും എത്ര കാമ്പയിനും നടത്തിയിട്ടും ഒരു മാറ്റവുമില്ലാത്ത നമ്മുടെ മക്കളും കൂട്ടുകാരും. രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്കും കോളേജിലേക്കും ജോലി സ്ഥലത്തേക്കുമെന്ന് പോകുന്ന മക്കളെ വഴി തെറ്റിക്കാനായി വലവീശി കാത്തിരിക്കുന്ന മാഫിയാ സംഘത്തിന്റെ വലയറുത്തില്ലെങ്കില്‍ യുവതലമുറ ഒന്നടങ്കം വീണുപോകുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ മക്കളെ നമുക്ക് വിശ്വാസമാണ്. അവര്‍ നമ്മളറിയാതെ ചതിയില്‍പെട്ടുപോകുന്നു.

പാഠശാലകളുടെ അകത്തളങ്ങള്‍ പോലും കയ്യടക്കി വാഴുകയാണ് കഞ്ചാവ്-മയക്കുമരുന്ന് മാഫിയകള്‍. മയക്കുമരുന്നിന് അടിമയായ മക്കളുള്ള വീടുകളില്‍ രക്ഷിതാക്കളും സഹോദരങ്ങളും വലിയ പേടിയോടെയാണ് കഴിയുന്നത്. മയക്കുമരുന്നിന് അടിമയായ മക്കള്‍ അത് കിട്ടാതെയാകുമ്പോഴുള്ള മാനസിക വിഭ്രാന്തി മൂലം ക്രൂരമായ ആക്രമണത്തിന് കോപ്പു കൂട്ടുന്നു. അത് മാതാപിതാക്കളറിയുന്നില്ല. സ്‌കൂളിലും കോളേജിലും പഠിക്കാന്‍ പോകുന്ന ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരു വിഭാഗം ഇന്ന് ലഹരി മാഫിയകളുടെ നീരാളിക്കെണിയില്‍പ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ പല ബോധവല്‍കരണവും കാമ്പയിനും നടത്തിയിട്ടുണ്ടെങ്കിലും ബോധവാന്മാരാവാന്‍ സാധിക്കുന്നില്ലായെന്നതാണ് വാസ്തവം. അതില്‍ നിന്നും മുക്തി നേടാന്‍ കഴിയാതെ അകപ്പെട്ട സ്ഥിതിയാണ്. അധികൃതര്‍ ലഹരി മാഫിയകളുടെ അടിവേര് അറുത്ത് കളഞ്ഞാല്‍ ഒരു പരിധിവരെ നമ്മുടെ നാടിനെയും മക്കളെയും രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിച്ചാല്‍ ലഹരി മുക്ത നാടായി മാറ്റാന്‍ പറ്റും. മക്കളെ കൈവിട്ടു പോയാല്‍ തിരികെ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. മനുഷ്യരെ കൊല്ലുന്ന ലഹരികള്‍ നാടിനാപത്താണ്. ലഹരി മൂലം വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത്തരം കൊലയാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കേണ്ടിയിരിക്കുന്നു. എന്നാലെ നാട് നന്നാവുകയുള്ളൂ. ലഹരി മാഫിയകളുടെ അടിവേരുകള്‍ പിഴുതെടുത്ത് നാടിനെയും നമ്മുടെ മക്കളെയും രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും രംഗത്ത് വരേണ്ടതുണ്ട്. മക്കളെ ശിക്ഷയും ശിക്ഷണവുമില്ലാതെ വളര്‍ത്തുന്നതിന്റെ പൊരുത്തക്കേടാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മക്കള്‍ സമയത്തിന് വീട്ടില്‍ എത്തിയില്ലെങ്കില്‍, കൂട്ടുകെട്ട് ശരിയില്ലെങ്കില്‍ ശാസിക്കുകയും അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കുകയും ചെയ്യുക അതാണ് രക്ഷിതാക്കളുടെ കടമ. എന്നാലെ നമ്മുടെ മക്കള്‍ ശരിയായ വഴിയില്‍ വളരുകയുള്ളൂ. നാടിനെ വിഴുങ്ങുന്ന ലഹരിയെ കൊണ്ട് പലര്‍ക്കും പല ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരുന്നത്. നാടിനെയും കുടുംബത്തെയും വിഴുങ്ങി കൊണ്ടിരിക്കുന്ന മയക്കുമരുന്ന് നമ്മുടെ നാടിന് ആപത്താണ്. അതിനെതിരെ ശബ്ദിക്കാനും ഒറ്റക്കെട്ടായി പൊരുതാനും നാം പ്രയത്‌നിക്കേണ്ടിയിരിക്കുന്നു. അതിനായി ഉന്നത അധികാരികള്‍ ശക്തമായ നടപടിയുമായി മുന്നോട്ട് വരേണ്ടതുണ്ട്.

(ജി.എച്ച്.എസ്.എസ് ബേത്തൂര്‍പാറ ഹയര്‍ സെക്കണ്ടറി അധ്യാപകനാണ് ലേഖകന്‍)

Similar News