ഡിസംബര്‍ 18 ലോക അറബിക് ഭാഷാദിനം; അറബിക് വിശ്വസംസ്‌കാരത്തിന് സംഭാവന നല്‍കിയ ഭാഷ
ഇന്ത്യയില്‍ അറബി ഭാഷാ പ്രചാരണം ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ത്യയിലേക്കുള്ള അറേബ്യന്‍ സഞ്ചാരികളുടെ കപ്പല്‍യാത്രക്കുള്ള പ്രധാന ഇടങ്ങളില്‍ കേരള തുറമുഖങ്ങള്‍ ഇടം പിടിച്ചപ്പോള്‍ അറബികള്‍ കേരളവുമായി കൂടുതല്‍ ഇടപഴകുകയും അതുവഴി അറബി ഭാഷാ പഠനം കേരളത്തില്‍ കൂടുതല്‍ പ്രചരിക്കുകയും ചെയ്തു.
ലോക ഭാഷകളില്‍ പ്രമുഖസ്ഥാനമാണ് അറബിക് ഭാഷക്കുള്ളത്. വിശ്വസംസ്‌കാരത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്ന ഭാഷ ഇന്ന് ലോകത്ത് 25 രാഷ്ട്രങ്ങളിലായി 23 കോടില്‍പരം ജനങ്ങള്‍ ഒദ്യോഗിക ഭാഷയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഉള്‍ക്കൊള്ളുന്ന വിധം വളരെ അഭിവൃദ്ധിയിലേക്ക് ഈ ഭാഷ മാറി കൊണ്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ ഭാഷ എന്ന നിലയില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യുന്ന ഭാഷയാണ് അറബിക്. ഐക്യരാഷ്ട്രസഭയില്‍ അംഗീകാരമുള്ള പ്രമുഖ ഭാഷയായ അറബിക്, ലോകത്തിലെ പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ മുഖേന നിത്യവും പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിച്ചത് അറബിയിലാണെന്നത്, മറ്റു ഭാഷകളില്‍ നിന്ന് അറബിക് ഭാഷയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി ഭാഷയിലെ സാങ്കേതികതയും പദാവലികളും കണ്ടെത്താന്‍, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ലാംഗ്വേജ് അക്കാദമികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
1973ലാണ് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകളില്‍ ഒന്നായി അറബി ഭാഷയെ ഉള്‍പ്പെടുത്തിയത്. അന്നുമുതല്‍ യു.എന്നിന്റെ അറിയിപ്പുകളും സര്‍ക്കുലറുകളും ഉത്തരവുകളും എല്ലാം അറബിഭാഷയിലും പ്രസിദ്ധപ്പെടുത്താനും തുടങ്ങി. അറബി ഭാഷയുടെ ആഗോള സാധ്യതകളുടെ പ്രചരണം ലക്ഷ്യമിട്ട് 2010 മുതല്‍ ഡിസംബര്‍ 18 അറബി ഭാഷാ ദിനമായി യു.എന്‍ ആചരിക്കുകയും ചെയ്യുന്നു. 28 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി ജനസംഖ്യ അനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയ ഭാഷയാണ്. ലോകത്ത് 25 കോടി ജനങ്ങള്‍ അവരുടെ മാതൃഭാഷയായും 40 കോടിയിലേറെ ജനങ്ങള്‍ സംസാര ഭാഷയായും 140 കോടി ജനങ്ങള്‍ തങ്ങളുടെ ആരാധനാ ഭാഷയായും അറബി ഭാഷയെ ഉപയോഗപ്പെടുത്തുമ്പോള്‍ ആഗോളതലത്തില്‍ അറബി ഭാഷയുടെ സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്.
അന്താരാഷ്ട്ര ഭാഷയായ അറബി ഭാഷക്ക് ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ വാണിജ്യ-സാംസ്‌കാരിക-വിനിമയ ബന്ധമുണ്ട്. 461 ഭാഷകളുടെ ജന്മഭൂമിയായ രാജ്യത്ത് വ്യാപാര ആവശ്യാര്‍ത്ഥം വന്ന അറബികള്‍ കൈമാറ്റം ചെയ്തതാണ് അറബി ഭാഷാ. സംസ്‌കാര വൈവിധ്യങ്ങളാല്‍ എക്കാലത്തും പ്രശസ്തമായ ഇന്ത്യ അറബി ഭാഷയെയും ഇരുകൈകളും നീട്ടി സ്വീകരിച്ചു. എ.ഡി 712ല്‍ മുഹമ്മദ് ബിന്‍ കാസിം സിന്ധ് കീഴടക്കി ഇന്ത്യയില്‍ ഭരണത്തിന് തുടക്കം കുറിച്ചതോടെ അറബി രാജ്യങ്ങളില്‍ നിന്ന് പണ്ഡിതന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറി. അവര്‍ വഴി ഇസ്ലാം മത പ്രചരണം വ്യാപിച്ചതിനനുസരിച്ച് അറബി ഭാഷയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു.
ഇന്ത്യയില്‍ അറബി ഭാഷാ പ്രചാരണം ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ത്യയിലേക്കുള്ള അറേബ്യന്‍ സഞ്ചാരികളുടെ കപ്പല്‍യാത്രക്കുള്ള പ്രധാന ഇടങ്ങളില്‍ കേരള തുറമുഖങ്ങള്‍ ഇടം പിടിച്ചപ്പോള്‍ അറബികള്‍ കേരളവുമായി കൂടുതല്‍ ഇടപഴകുകയും അതുവഴി അറബി ഭാഷാ പഠനം കേരളത്തില്‍ കൂടുതല്‍ പ്രചരിക്കുകയും ചെയ്തു.
ഇസ്ലാംമത അധ്യാപനങ്ങള്‍ പഠിക്കാന്‍ അറബി ഭാഷ അനിവാര്യമായതിനാല്‍ കേരളത്തില്‍ അറബി പഠനവും അനിവാര്യമായി. ഓത്തുപള്ളികളില്‍ നിന്നും മതപാഠശാലകളില്‍ നിന്നും മറ്റുമായി അറബി ഭാഷാപഠനം സാധ്യമായി. ഭാഷാപ്രയോഗങ്ങള്‍ സാധ്യമായില്ലെങ്കിലും വായിക്കാനും എഴുതാനുമുള്ള പരിജ്ഞാനം മുസ്ലീങ്ങള്‍ കൈവരിച്ചു.
കേരളത്തിലെ നാട്ടുരാജ്യ ഭരണങ്ങള്‍ക്ക് കീഴില്‍ പൊതുവിദ്യാലയങ്ങള്‍ സജീവമായെങ്കിലും മുസ്ലീങ്ങള്‍ അക്കാലത്ത് പലവിധ കാരണങ്ങളാല്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്നില്ല. മുസ്ലിംകളുടെ മത ഭാഷയെ പൊതുവിദ്യാലയങ്ങളോട് ചേര്‍ത്താല്‍ അവരെ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് എത്തിക്കാമെന്ന വക്കം മൗലവിയുടെ ചിന്തകളുടെ ഫലമായി 1912 മുതല്‍ തിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് അറബി ഭാഷാ പഠനം കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കേരളപ്പിറവിക്ക് ശേഷവും അറബിഭാഷാ പഠനം തുടര്‍ന്ന് പോന്നു. 1970-80 കാലഘട്ടങ്ങളില്‍ കേരളീയരുടെ അറേബ്യന്‍ രാജ്യങ്ങളിലേക്കുള്ള തൊഴില്‍ അന്വേഷണ യാത്ര അറബി ഭാഷാ പഠന രംഗത്ത് അനിവാര്യത സൃഷ്ടിച്ചു. പരിമിതമായ ഭാഷാ പരിജ്ഞാനത്തില്‍ തന്നെ മോശമല്ലാത്ത സാമ്പത്തിക നേട്ടം ഇതുവഴി നേടിയെടുക്കാനായി. അറബി ഭാഷയിലെ പ്രാഥമിക പഠനത്തിന് ശേഷം ഉന്നതപഠനം ലഭ്യമാക്കിയവര്‍ക്ക് അറേബ്യന്‍ രാജ്യങ്ങളില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാനായി.
ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ അറേബ്യന്‍ രാജ്യങ്ങളിലെ തൊഴിലിടങ്ങള്‍ വലിയ തോതില്‍ കേരളത്തിലെ സമ്പദ്ഘടനയെ സഹായിച്ചു. തൊഴില്‍ രഹിതരാല്‍ ബുദ്ധിമുട്ടുന്ന ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ രാജ്യപുരോഗതിയില്‍ പണം മുടക്കുന്ന വരെയാണ് അറേബ്യന്‍ തൊഴിലിടങ്ങളിലൂടെ കേരളത്തിനു ലഭിച്ചത്.
തൊഴിലന്വേഷിച്ചുള്ള അറേബ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വരെ എത്തിച്ചു. വിദ്യാസമ്പന്നര്‍ വിവിധ ഇടങ്ങളില്‍ എത്തിച്ചേര്‍ന്നുവെങ്കിലും ഭരണ കൂടങ്ങള്‍ക്ക് സാമ്പത്തികനേട്ടം ലഭ്യമായത് അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ലഭ്യമാകുന്ന പൗരത്വം അവിടത്തെ തൊഴിലിടങ്ങളില്‍ അഭയം തേടിയവരെ അവിടെത്തന്നെ സ്ഥിരതാമസക്കാരാക്കുമ്പോള്‍ അറേബ്യയിലെ തൊഴിലാളികളുടെ നിക്ഷേപം സ്വന്തം നാടുകളില്‍ തന്നെയായി. അതുകൊണ്ടുതന്നെ വ്യവസായ-വാണിജ്യ-ടൂറിസ- ആരോഗ്യ മേഖലകളില്‍ വലിയ മുന്നേറ്റം സംസ്ഥാനത്തിന് കൈവരിക്കാനായി. കേരളത്തിലെ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ വിശിഷ്യാ മലബാറില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വാണിജ്യ സമുച്ചയങ്ങള്‍ ഇതിന്റെ ഉല്‍പ്പന്നങ്ങളാണ്.
മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.എച്ച് മുഹമ്മദ് കോയ അറബിഭാഷാ പഠനത്തിന് പ്രൈമറിതലം തൊട്ട് കേരളത്തില്‍ പ്രോത്സാഹനം നല്‍കിയതാണ് ഈ മുന്നേറ്റത്തിന് അടിസ്ഥാനകാരണം.
ഇതര ഭാഷകളില്‍ നിന്ന് ഒട്ടനവധി പ്രത്യേകളുള്ള അറബി ഭാഷയുടെ പ്രസക്തി ആഗോളതലത്തില്‍ ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ചുരുങ്ങിയ വാക്കുകളിലൂടെ വിശാലമായ ആശയങ്ങള്‍ പറയാനാകുന്നു എന്ന അതിപ്രധാനമായ പ്രത്യേകത ഐ.ടി മേഖലയില്‍ അറബി ഭാഷയെ ഒന്നാമതാക്കുന്നു. ചെറിയ ചിപ്പുകളില്‍ കൂടുതല്‍ സ്റ്റോറേജിന് അനിവാര്യമാകുന്നത് പദസമ്പത്തും ആശയവ്യക്തതയും ഉള്ള ഭാഷയാണ്. അതില്‍ ലോകഭാഷകളില്‍ ഒന്നാം സ്ഥാനത്തുള്ളത് അറബിഭാഷയാണ്.
വൈദേശിക കലാപം ശക്തി പ്രാപിക്കുന്നതിന് അറബി ഭാഷയും അതിന്റെ തായ പങ്കുവഹിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് ശക്തികള്‍ക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച തഹ്രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സുല്‍ത്താന്‍ എന്ന ഗ്രന്ഥവും ഉമര്‍ ഖാളി രചിച്ച ഫത്ഹുല്‍ മുബീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്ലിങ്ങളെ പോരാടുന്നതിന്, പ്രോത്സാഹനം നല്‍കുന്നതായിരുന്നു.
ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് നല്‍കിയ നിവേദനത്തിന്റെ ഭാഗമായി തിരുവിതാകൂര്‍ പ്രദേശത്ത് ഭാഷാ പഠനത്തിന് തുടക്കം കുറിച്ചത്, 1920ല്‍ കൊച്ചി ദിവാനായിരുന്ന വിജയ രാഘവിചാരിക് നല്‍കിയ നിവേദനത്തിന്റെ ഫലമായി കൊച്ചി പ്രവിശ്യയിലെ സ്‌കൂളുകളില്‍, അറബിക് ഭാഷാപഠനം ആരംഭിച്ചു. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായതിന് ശേഷം കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും അറബിക് പഠനം വ്യാപിച്ചു. 1925ല്‍ 131 സ്‌കൂളില്‍ 1635 കുട്ടികള്‍ മാത്രം പഠനം നടത്തിരുന്ന ഈ ഭാഷ 2025 ആകുമ്പോഴേക്കും പതിമൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു.
ഇന്ന് അറബി ഭാഷ പഠിപ്പിക്കുന്നതിനും പഠനം നടത്തുന്നതിനും മുസ്ലിങ്ങള്‍ക്ക് പുറമേ ഇതര മതസ്തരും കടന്നുവരുന്നു എന്നത് ഈ ഭാഷയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. മാത്രമല്ല ഈ ഭാഷ പഠിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമുള്ള കോളേജുകളും വര്‍ധിച്ച് വരികയാണ്. അറബി ഭാഷ അറിയുന്നവര്‍ക്ക് ഗവ./അര്‍ദ്ധ ഗവ./സ്വകാര്യ മേഖലകളില്‍ അധ്യാപക ജോലികള്‍ക്ക് പുറമേ വിദേശത്തും സ്വദേശത്തും ഒരുപാട് ശമ്പളങ്ങള്‍ കൈപ്പറ്റാവുന്ന ജോലികള്‍ ഇന്ന് നിലനില്‍ക്കുന്നു.