ആര് ജയിച്ചാലും ആര് തോറ്റാലും അത് മനസുതുറന്ന് അംഗീകരിക്കുന്നതാണ് ഒരു പൗരന്റെ ഉത്തരവാദിത്വം. നമ്മള്‍ ആഗ്രഹിച്ച വ്യക്തിയോ പാര്‍ട്ടിയോ ജയിക്കാത്തതുകൊണ്ട് മാത്രം നിരാശയിലാകുകയോ മറ്റുള്ളവരെ ആക്രമിക്കുകയോ ചെയ്യുന്നത് ജനാധിപത്യത്തിന്റെ ആത്മാവിന് വിരുദ്ധമാണ്. ജനങ്ങള്‍ ചേര്‍ന്ന് നല്‍കിയ തീരുമാനമാണ് ഫലം. അതിനെ ആദരിക്കാനാണ് നാം പഠിക്കേണ്ടത്.
തിരഞ്ഞെടുപ്പ് എന്നത് ഒരു ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ്. ആ സമയത്ത് ജനങ്ങള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വേണ്ടി ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നു. ഈ തീരുമാനമാണ് പിന്നീട് നമ്മുടെ നാടിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ സ്വാധീനിക്കുന്നത്. പക്ഷേ, തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പോഴാണ് ചിലപ്പോള്‍ നമ്മുടെ സമൂഹം യഥാര്‍ത്ഥ പരീക്ഷണത്തിലൂടെ കടന്നുപോകുന്നത്.
ആര് ജയിച്ചാലും ആര് തോറ്റാലും അത് മനസുതുറന്ന് അംഗീകരിക്കുന്നതാണ് ഒരു പൗരന്റെ ഉത്തരവാദിത്വം. നമ്മള്‍ ആഗ്രഹിച്ച വ്യക്തിയോ പാര്‍ട്ടിയോ ജയിക്കാത്തതുകൊണ്ട് മാത്രം നിരാശയിലാകുകയോ മറ്റുള്ളവരെ ആക്രമിക്കുകയോ ചെയ്യുന്നത് ജനാധിപത്യത്തിന്റെ ആത്മാവിന് വിരുദ്ധമാണ്. ജനങ്ങള്‍ ചേര്‍ന്ന് നല്‍കിയ തീരുമാനമാണ് ഫലം. അതിനെ ആദരിക്കാനാണ് നാം പഠിക്കേണ്ടത്.
ചിലയിടങ്ങളില്‍ തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തിഹത്യകളും സംഘര്‍ഷങ്ങളും രാഷ്ട്രീയ വൈരാഗ്യങ്ങളും ഉയരുന്നത് വളരെ വേദനാജനകമാണ്.
ഒരു നേതാവിനോടോ പാര്‍ട്ടിയോടോ ഉള്ള അഭിപ്രായ വ്യത്യാസം ഒരാളുടെ ജീവന്‍ വരെ പോകുന്ന വിധത്തിലുള്ള കോപത്തിലേക്കോ അതിക്രമത്തിലേക്കോ മാറുന്നത് മനുഷ്യത്വത്തിന്റെ നഷ്ടമാണ്. തിരഞ്ഞെടുപ്പ് ഒരു ദിവസം മാത്രമാണ്. പക്ഷേ മനുഷ്യജീവിതം അതിലേറെ വിലപ്പെട്ടതാണ്. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ വലിയൊരു വേദിയായി മാറിയിട്ടുണ്ട്. അഭിപ്രായങ്ങള്‍ വേഗത്തില്‍ വ്യാപിക്കുന്ന ഒരു ലോകം. എന്നാല്‍ അതോടൊപ്പം അധിക്ഷേപവും വിദ്വേഷവും പ്രചരിക്കുന്നതും വളരുകയാണ്.
ഒരു അഭിപ്രായം പങ്കിടുമ്പോള്‍ പരസ്പര ബഹുമാനം നഷ്ടപ്പെടുന്നത് സമൂഹത്തെ കൂടുതല്‍ പിളര്‍ത്തുകയാണ് ചെയ്യുന്നത്. അഭിപ്രായം പറയണം, അതൊരു അവകാശമാണ്. പക്ഷേ അത് സംസ്‌കാരത്തോടെ, ബഹുമാനത്തോടെ, മറ്റൊരാളുടെ വികാരങ്ങളെ തൊടാതെ പറയുമ്പോഴാണ് അതിന് മൂല്യമുണ്ടാകുന്നത്.
വിജയം ആഘോഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് സന്തോഷത്തിന്റെ പങ്കുവയ്ക്കലാണ്. പക്ഷേ അതിന് പരിധിയുണ്ട്. പടക്കം പൊട്ടിക്കല്‍, ഉറക്കെ പാട്ടുകള്‍, വാഹനങ്ങളുടെ ശബ്ദപ്രയോഗങ്ങള്‍, റോഡ് ഷോകള്‍ മറ്റൊരാളുടെ സമാധാനം തകര്‍ക്കാന്‍ തുടങ്ങിയെങ്കില്‍ അത് ആഘോഷമല്ല; അത് സമൂഹത്തെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തിയാണ്. അധികമായാല്‍ അമൃതും വിഷമാകും എന്ന പഴമൊഴി തിരഞ്ഞെടുപ്പിനുശേഷമുള്ള ആഘോഷങ്ങള്‍ക്ക് ഏറ്റവും യോജിച്ചതാണ്. ഏതൊരു കാര്യവും ഒരു പരിധിക്കുള്ളില്‍ വരുമ്പോഴാണ് അതിന്റെ സൗന്ദര്യം നിലനില്‍ക്കുന്നത്.
നമ്മുടെ നാട്ടിലെ സൗഹൃദബന്ധങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള സ്നേഹം, കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഒരു തിരഞ്ഞെടുപ്പിനായി തകരേണ്ടതില്ല. തിര ഞ്ഞെടുപ്പ് വരും; പോകും. പാര്‍ട്ടികള്‍ ഉയരും; താഴും. നേതാക്കള്‍ മാറും. പക്ഷേ നമ്മള്‍ തമ്മിലുള്ള ബന്ധമാണ് ഒടുവില്‍ നിലനില്‍ക്കുന്നത്. ഒരു പന്തയം ജയിച്ചതിന് വേണ്ടി ഒരുത്തനെ അപമാനിക്കാനോ, തോറ്റവര്‍ക്ക് മുന്നില്‍ പരിഹാസം തീര്‍ക്കാനോ കാരണം ഒന്നുമില്ല. നമ്മള്‍ ഒരേ നാട്ടില്‍ ജീവിക്കുന്ന മനുഷ്യരാണ്; ഓരോ ദിവസവും നേരില്‍ കാണുന്ന മുഖങ്ങളാണ് നമ്മുടേത്.
രാജ്യം മുന്നോട്ട് പോകുന്നത് നേതാക്കളുടെ തീരുമാനങ്ങള്‍ കൊണ്ട് മാത്രമല്ല; ഓരോ പൗരന്റെയും ഉത്തരവാദിത്വം കൊണ്ടാണ്.
നല്ല പെരുമാറ്റം, ബഹുമാനം, സഹകരണം ഇവയാണ് ഒരു സമൂഹത്തെ ഉയര്‍ത്തുന്ന ശക്തികള്‍. ഒരു തിരഞ്ഞെടുപ്പ് നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്.
ജയം ആഘോഷിക്കാം, തോല്‍വിയെ അംഗീകരിക്കാം. പക്ഷേ മനുഷ്യരെയും സൗഹൃദത്തെയും ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ല.
നമ്മുടെ ജനാധിപത്യം ശക്തമാകുന്നത് നമ്മള്‍ പരസ്പരം ബഹുമാനിക്കുന്നതുകൊണ്ടാണ്. അഭിപ്രായങ്ങള്‍ വ്യത്യസ്തമായാലും മനുഷ്യമനസുകള്‍ ഒരുമിക്കുമ്പോള്‍ ഒരു സമൂഹവും ഒരു രാജ്യവും മുന്നോട്ട് പോകും. അതിനാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്തായാലും സംയമനവും ബോധവുമാണ് നമ്മെ നല്ല പൗരന്മാരാക്കി മാറ്റുന്നത്.