സ്ത്രീകളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, വെല്ലുവിളികള്‍ തിരിച്ചറിയുക, സ്ത്രീകളുടെ അവകാശങ്ങളിലും ലിംഗസമത്വത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് അന്താരാഷ്ട്ര വനിതാദിനത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങള്‍ ആഘോഷിക്കുന്ന ഒരു ആഗോളദിനമാണിത്. എല്ലാ മേഖലകളിലും സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള ആഹ്വാനമാണീ ദിനം നല്‍കുന്നത്. ഓരോ വനിതാദിനവും സ്ത്രീത്വത്തിന്റെ ആഘോഷവും സ്ത്രീശാക്തീകരണം ലോകത്ത് അടയാളപ്പെടുത്തുന്ന ദിനവുമാണ്.
എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നു. 'പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക' (അരരലഹലൃമലേ അരശേീി) എന്നതാണ് 2025ലെ അന്താരാഷ്ട്ര വനിതാദിന പ്രമേയം. എല്ലാവര്‍ക്കും തുല്യത കൈവരിക്കുന്നതിന് നാം പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. അവബോധത്തില്‍ നിന്ന് പ്രകടമായ മാറ്റങ്ങളിലേക്ക് നീങ്ങാന്‍ ഈ പ്രമേയം നമ്മെ പ്രേരിപ്പിക്കുന്നു. സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുക മാത്രമല്ല നമ്മള്‍ കാണാനാഗ്രഹിക്കുന്ന ഭാവിസൃഷ്ടിച്ചെടുക്കലാണ് ലക്ഷ്യം. ബോധപൂര്‍വ്വം ആ സൃഷ്ടി സംജാതമാക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും തുറന്നുകൊടുക്കുന്നതിലും ശാശ്വതമാറ്റത്തിനുള്ള ഉത്തേജകങ്ങളായി അടുത്ത തലമുറയെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍, സ്വന്തമാകല്‍ എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ത്വരിതപ്പെടുത്തേണ്ടതുണ്ട്. പക്ഷപാതങ്ങള്‍ക്കെതിരെ ധൈര്യത്തോടെ സംസാരിക്കാം, ജോലിസ്ഥലത്ത് ശമ്പളതുല്യതക്കായി വാദിക്കാം, പരസ്പരം സഹാനുഭൂതിയോടെ പ്രത്യക്ഷപ്പെടാം, ഉള്‍പ്പെടുത്തലിനെക്കുറിച്ച് ശബ്ദമുയര്‍ത്താം. അങ്ങനെ വൈവിധ്യമാര്‍ന്നതും തുല്യവും ഉള്‍ക്കൊള്ളുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കാം. അവകാശങ്ങള്‍ക്കായി നിരന്തരം പോരാടാം. ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പോരാളികളായി എല്ലാവര്‍ക്കും തുല്യത എന്ന സന്ദേശത്തെ മുറുകെപ്പിടിച്ച് മുന്നേറാം.
എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശങ്ങള്‍, സമത്വം, ശാക്തീകരണം എന്ന ഐക്യ രാഷ്ട്രസഭയുടെ പ്രമേയവുമായി പൊരുത്തപ്പെടുന്ന പ്രോഗ്രാമാണ് അന്താരാഷ്ട്ര വനിതാദിനം. നിലനില്‍ക്കുന്ന അസമത്വങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതിനും സമത്വത്തിന് അനുകൂലമായി ശബ്ദമുയര്‍ത്തുന്നതിനുമുള്ള ആക്ടിവസത്തിന് അവസരമൊരുക്കുന്ന നിര്‍ണ്ണായക സന്ദര്‍ഭമാണിത്. സാമ്പത്തിക അസമത്വം, രാഷ്ട്രീയ പ്രാതിനിധ്യക്കുറവ്, ലിംഗാധിഷ്ടിത അക്രമം, ഗാര്‍ഹിക പീഡനം, ശൈശവ വിവാഹം, സ്ത്രീധനം, കുറഞ്ഞ വേതനം, സാമൂഹിക നീതികേടുകള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ജീവിതത്തെ സ്വാധീനിക്കുന്ന നിയമങ്ങള്‍, ചട്ടങ്ങള്‍, സാമൂഹിക ക്രമങ്ങള്‍ എന്നിവയില്‍ സൃഷ്ടിപരമായ മാറ്റങ്ങള്‍ക്ക് അവസരമൊരുക്കണം. നേട്ടങ്ങള്‍ വിലയിരുത്തി, തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ്, ലിംഗസമത്വഭാവിയിലേക്കുള്ള സുപ്രധാന നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമാണിത്.
'ലോകം അഭൂതപൂര്‍വ്വമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷെ, ഒരു രാജ്യവും ലിംഗസമത്വം നേടിയിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ തുറന്നുപറച്ചിലാണിത്. 2030 ഓടെ ലിംഗസമത്വം എന്ന ലക്ഷ്യം ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പുരുഷന്മാരെ അപേക്ഷിച്ച് 23 ശതമാനം വരുമാനമാണ് സ്ത്രീകള്‍ നേടുന്നത്. ലോകമെമ്പാടുമുള്ള പാര്‍ലമെന്റ് സീറ്റുകളില്‍ 24 ശതമാനം സീറ്റുകളെ സ്ത്രീകള്‍ക്ക് കൈവശപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂ. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. ആഗോളവികസനത്തില്‍ സ്ത്രീകള്‍ക്ക് പൂര്‍ണവും തുല്യവുമായ പങ്കാളിത്തം നേടാന്‍ ഐക്യരാഷ്ട്രസഭ സഹായകമായ നിലപാടുകള്‍ സ്വീകരിച്ചുപോരുന്നുണ്ട്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തിലെ സ്ത്രീകളുടെ നേട്ടങ്ങളെ ആദരിച്ചും ജീവിതത്തിലെ എല്ലാ മേഖലകളിലും ലിംഗസമത്വത്തിനായി പോരാടിയും ശമ്പളവ്യത്യാസം, അധികാരസ്ഥാനങ്ങളിലെ പ്രാതിനിധ്യക്കുറവ്, വിദ്യാഭ്യാസ പ്രവേശനം തുടങ്ങിയവയിലെ അസമത്വങ്ങള്‍ എന്നിവ തുറന്നുകാണിച്ചും അവ നേടിയെടുത്തും പോരാട്ടം തുടരാം. പരസ്പരം ഉയര്‍ത്താനും ശാക്തീകരിക്കാനും പിന്തുണക്കാനും നമുക്ക് സാധിക്കട്ടെ. ലോകത്തെ പ്രകാശമാനമാക്കുന്ന വനിതാ രത്‌നങ്ങള്‍ക്ക് വനിതാ ദിനാശംസകള്‍.
(സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ റീജിയണല്‍ മാനേജരും എറണാകുളം വിമന്‍ വെല്‍ഫെയര്‍ സര്‍വ്വീസസ് സെക്രട്ടറിയുമാണ് ലേഖിക. 9447987282).