കൗമാരങ്ങളെ കൈ പിടിച്ചുയര്‍ത്തല്‍ സമൂഹത്തിന്റെ കടമ
ഈയടുത്തകാലത്തായി ഓരോ ദിനവും പിറക്കുന്നത് ഓരോ പുത്തന്‍ അക്രമ-കൊലപാതക വാര്‍ത്തകളുമായാണ്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കും വിധമുള്ള അക്രമ പ്രവണതകളാണ് സമൂഹത്തില്‍ നാള്‍ക്കുനാള്‍ വളര്‍ന്നുവരുന്നത്. ഇതില്‍ ഉള്‍പ്പെട്ടുവരുന്നതില്‍ എണ്‍പത് ശതമാനത്തിലേറെ 15നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. വര്‍ത്തമാനകാല സമൂഹത്തില്‍ അക്രമവാസന വര്‍ധിച്ചു വരാനുള്ള പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്.
1. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം.
2. രാസലഹരിക്കും മൊബൈല്‍ ഫോണ്‍ കളികള്‍ക്കും അടിപ്പെട്ട ന്യൂനപക്ഷം വരുന്ന പുതുതലമുറ
3. എന്ത് കുറ്റം ചെയ്താലും നിയമം തങ്ങള്‍ക്ക് അനുകൂലമാണ് എന്ന നിലയിലുള്ള കുട്ടികളുടെ ചിന്ത
4. അനശ്വര പ്രണയങ്ങള്‍ക്കപ്പുറം മാംസനിബദ്ധമായ പ്രേമ സല്ലാപങ്ങള്‍
5. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അടുപ്പവും കൂട്ടുകെട്ടുകള്‍ ഉണ്ടാക്കലും
6. വയലന്‍സിന് പ്രാധാന്യം നല്‍കി ഇറങ്ങുന്ന സിനിമകളും മറ്റ് ദൃശ്യവിരുന്നുകളും
7. ജീവിതമെന്നാല്‍ എപ്പോഴും ആസ്വദിക്കല്‍ ആണെന്ന മിഥ്യാ ധാരണ
8. ആദര്‍ശാധിഷ്ഠിത രാഷ്ട്രീയ ബോധത്തിനുപകരം കുട്ടികളിലും യുവതയിലും കടന്നു കൂടുന്ന അക്രമ രാഷ്ട്രീയ പ്രവണതയും അരാഷ്ട്രീയവാദവും
9. തെറ്റു ചെയ്താലും അത് തിരുത്തിക്കുന്നതിന് പകരം അതിന് പരോക്ഷമായെങ്കിലും പിന്തുണ നല്‍കുന്ന രക്ഷകര്‍ത്താക്കളും സമൂഹവും
10. ദുര്‍ബലമായ നിയമങ്ങള്‍ മൂലം പ്രതിസന്ധിയിലകപ്പെടുന്ന ഭരണകൂടം
11. ആഡംബര ജീവിതത്തോടുള്ള ആര്‍ത്തിയും അതിനായി അധ്വാനമില്ലാതെ പണം കണ്ടെത്താനുള്ള വെമ്പലും
ഇത്തരം അക്രമങ്ങള്‍ക്ക് ഒരറുതി ഉണ്ടാകണമെങ്കില്‍ ശക്തമായ കുടുംബ-സാമൂഹ്യ ബന്ധങ്ങളിലധിഷ്ഠിതമായ ഒരു പുതു തലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കേണ്ടതുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ യഥാസമയം മനസിലാക്കാന്‍ രക്ഷിതാക്കളും അധ്യാപകരും സമൂഹവും ജാഗ്രത കാണിക്കണം.
കുട്ടികളുടെ വളര്‍ച്ചാ ഘട്ടം കൈവിട്ട പട്ടം പോലെയാകുന്നതിന് പകരം രക്ഷിതാക്കളുടെ നിയന്ത്രണത്തിന് വിധേയമാകും വിധമായിരിക്കണം.
തന്റെ കുട്ടി ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അനാശാസ്യമായതൊന്നും ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം.
കൂട്ടുകെട്ടുകളിലെ ചതിക്കുഴികള്‍ കുട്ടികളെ യഥാസമയം ബോധ്യപ്പെടുത്താന്‍ ഭരണ സംവിധാനങ്ങള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കണം.
ലഹരി ഉപയോഗം, അസാന്മാര്‍ഗിക പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പുവരുത്തും വിധമുള്ള നിയമ ഭേദഗതികള്‍ ഉണ്ടാകണം.
ഒരു കുട്ടിയുടെ ബാലാവകാശം സംരക്ഷിക്കപ്പെടുന്നത് മറ്റൊരു കുട്ടിയെ കൊലക്ക് നല്‍കി ആവരുത്. കുട്ടികളെ ശാസിക്കാനും ആവശ്യമെങ്കില്‍ ചെറിയ ശിക്ഷകള്‍ നല്‍കാനും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ കഴിയുന്ന സാഹചര്യമുണ്ടാകണം.
നീറുന്ന ഓര്‍മ്മകളായ ഷഹബാസും സിദ്ധാര്‍ത്ഥും അഭിമന്യവും ഇനിയും ഉണ്ടാകതിരിക്കട്ടെ... കൊടുംക്രിമിനലുകളായ അഫാന്‍മാര്‍ ഇനിയും പിറക്കാതിരിക്കട്ടെ...