ബെദ്രഡുക്കയില്‍ യുവാവിനെ കാര്‍ തടഞ്ഞ് അക്രമിച്ച് പണം കവര്‍ന്നു; പൊലീസിന് നേരെ കയ്യേറ്റ ശ്രമം, നാലുപേര്‍ അറസ്റ്റില്‍
അറസ്റ്റിലായ പ്രതികള്‍
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കമ്പാറിന് സമീപം ബെദ്രഡുക്കയില്‍ കാര്‍ യാത്രക്കാരനായ യുവാവിനെ തടഞ്ഞ് നിര്‍ത്തി അക്രമിച്ച് 10,000 രൂപ കവര്‍ന്നതായി പരാതി. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെ കയ്യേറ്റശ്രമവുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഉജിര്‍ക്കര സ്വദേശികളായ ശിവകുമാര്‍, പ്രസാദ്, യതീഷ് ഷെട്ടി, പ്രസാദ് എന്നിവരെയാണ് കാസര്‍കോട് സി.ഐ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ബെദ്രടുക്കയില്‍ വെച്ചായിരുന്നു സംഭവം. ഉള്ളാല്‍ കോട്ടേക്കാര്‍ സ്വദേശി മുഹമ്മദ് മുഫീദ് (21) സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഒരു സംഘം കാര്‍ തടഞ്ഞ് അക്രമിക്കുകയും കാറിലുണ്ടായിരുന്ന 10,000 രൂപ കവരുകയും ചെയ്തത്. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നെത്തിയ പൊലീസിന് നേരെ സംഘം കയ്യേറ്റത്തിന് ശ്രമിച്ചു. പൊലീസുകാരന്‍ പയ്യന്നൂര്‍ അന്നൂരിലെ നിഖിലിന്റെ പരാതിയില്‍ ഒരു സംഘത്തിനെതിരെ കേസെടുത്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്. മുഫീദിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് 10 പേര്‍ക്കെതിരെ നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.