പക്ഷി സ്‌നേഹികളെ ഇതിലേ.. കിദൂരില്‍ ഡോമട്രി ഒരുങ്ങി

Update: 2025-07-15 11:00 GMT

കാസര്‍കോട്: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാനൊരുങ്ങുന്ന കിദൂര്‍ പക്ഷി സങ്കേതത്തില്‍ ഡോമട്രി സൗകര്യം ഒരുങ്ങിക്കഴിഞ്ഞു. പക്ഷി നിരീക്ഷണത്തിനും ഗവേഷണത്തിനുമായി ഇവിടെയെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാര വകുപ്പ് ഡോമട്രി നിര്‍മിച്ചത്. കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ഡോമട്രി പണിതത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വ്യത്യസ്ത താമസ മുറികള്‍, മീറ്റിംഗ് ഹാള്‍, ശുചിമുറികള്‍, അടുക്കള, ഓഫീസ് മുറി തുടങ്ങി എല്ലാ സൗകര്യങ്ങളും ഡോമട്രിയില്‍ ലഭ്യമാണ്. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതോടെ നടത്തിപ്പുകാരെ കണ്ടെത്താന്‍ ടെന്‍ഡര്‍ വിളിക്കും.

കുമ്പള പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കിദൂര്‍ പക്ഷി ഗ്രാമം പത്തേക്കര്‍ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ ഇവിടം വിവിധ പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ്. പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ഇഷ്ട കേന്ദ്രമായ ഇവിടെ ഇതുവരെ 170ല്‍ അധികം വ്യത്യസ്ത ഇനത്തിലുള്ള പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. വംശനാശം നേരിടുന്ന ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ളഅരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിയവയുള്‍പ്പടെ 38 ദേശാടനപ്പക്ഷികള്‍, പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവ ഇവിടുത്തെ സ്ഥിരം സാന്നിധ്യമാണ്. മഞ്ഞ വരയന്‍ പ്രാവ് ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ലോകത്തിലെ ഏറ്റവും വലിയ, പക്ഷി വിവരങ്ങള്‍ ശേഖരിക്കുന്ന പൊതുജന കൂട്ടായ്മയായ 'ഇ ബേര്‍ഡ്സില്‍' കിദൂരില്‍ നിന്നും വിവിധ തരം പക്ഷി വര്‍ഗ്ഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഇനങ്ങളെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും തുടരുന്നു.ഏത് വേനലിലും വറ്റാതെ വെള്ളം നില്‍ക്കുന്ന കാജൂര്‍ പള്ളം കിദൂരിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഡോമട്രി യാഥാര്‍ത്ഥ്യമാവുന്നതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമുളള പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്നേഹികളുടേയും മുഖ്യ ആകര്‍ഷണകേന്ദ്രമാക്കി കിദൂരിനെ മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.കിദൂര്‍ പക്ഷി ഗ്രാമം ഒരു ടൂറിസം ഹബ്ബായി ഉയര്‍ന്നുവരുമ്പോള്‍ പരിസര പ്രദേശങ്ങളായ ആരിക്കാടി കോട്ട, അനന്തപുരം തടാക ക്ഷേത്രം, എന്നിവയും വിനോദസഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രങ്ങളായി മാറും. ടൂറിസം വകുപ്പിന്റെ 'ഇക്കോ ടൂറിസം പോയിന്റായി കിദൂരിനെ പ്രഖ്യാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Similar News