മണല്‍ കടത്തിയ ടിപ്പര്‍ ലോറികള്‍ പിടിയില്‍; വാഹനങ്ങളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു
കുമ്പള: അനധികൃതമായി മണല്‍ കടത്തിയ രണ്ട് ടിപ്പര്‍ ലോറികള്‍ പിടിയില്‍. പൊലീസിനെ കണ്ടെയുടനെ ജീവനക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കുമ്പള എസ്.ഐ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രിയും പുലര്‍ച്ചെയും നടത്തിയ വാഹന പരിശോധനയിലാണ് ടിപ്പര്‍ ലോറികള്‍ പിടികൂടിയത്. ഒരു ടിപ്പര്‍ ലോറി മൊഗ്രാലില്‍ വെച്ചും മറ്റൊരു ടിപ്പര്‍ ലോറി കുമ്പള റെയില്‍വേ സ്റ്റേഷന്‍ അടിപ്പാതയില്‍ വെച്ചുമാണ് പിടിച്ചത്. പൊലീസ് ടിപ്പര്‍ ലോറികള്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ലോറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട ലോറി ജീവനക്കാരെ തിരിച്ചറിഞ്ഞതായും അവരെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.