കുമ്പള എക് സൈസ് ഓഫീസിലെ ലാന്‍ഡ് ഫോണ്‍ പ്രവര്‍ത്തിക്കാതെ ഒന്നരമാസം; ലഹരിക്കടത്തുകാര്‍ക്ക് ആശ്വാസം
മദ്യം, കഞ്ചാവ്, മയക്കുമരുന്ന് കടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആളുകള്‍ എക്സൈസ് ഓഫീസിലേക്ക് അറിയിച്ചിരുന്നത് ലാന്‍ഡ് ഫോണിലേക്കായിരുന്നു.;
കുമ്പള: നഗരത്തിലെ എക് സൈസ് ഓഫീസിലെ ലാന്‍ഡ് ഫോണ്‍ പ്രവര്‍ത്തനരഹിതമായിട്ട് ഒന്നരമാസം. ഫോണ്‍ നന്നാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ നടപടിയുണ്ടായില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മദ്യം, കഞ്ചാവ്, മയക്കുമരുന്ന് കടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആളുകള്‍ എക്സൈസ് ഓഫീസിലേക്ക് അറിയിച്ചിരുന്നത് ലാന്‍ഡ് ഫോണിലേക്കായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പലര്‍ക്കും അറിയില്ല. ലാന്‍ഡ് ഫോണ്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ലഹരിക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതാകട്ടെ ലഹരിക്കടത്തുകാര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
കുമ്പള എക് സൈസ് റെയ്ഞ്ച് പരിധിയിലുള്ള മഞ്ചേശ്വരം, ബായാര്‍, പൈവളിഗെ, കടമ്പാര്‍, ഉപ്പള, ഹൊസങ്കടി എന്നിവിടങ്ങളിലാണ് കൂടുതലും ലഹരിക്കടത്ത് നടക്കുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കുമ്പള എക്സൈസ് ഓഫീസിലാണ്.