കുമ്പളയില്‍ 19 മണിക്കൂര്‍ വൈദ്യുതി മുടങ്ങി; വെന്തുരുകിയ നാട്ടുകാര്‍ ഓഫീസിലെത്തി ജീവനക്കാരെ വളഞ്ഞുവെച്ചു

കുമ്പള പൊലീസെത്തി ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കി;

Update: 2025-10-14 04:26 GMT

കുമ്പള : കുമ്പളയില്‍ 19 മണിക്കൂര്‍ വൈദ്യുതി മുടങ്ങി, ഇതോടെ വെന്തുരുകിയ നാട്ടുകാര്‍ വൈദ്യുതി ഓഫീസിലെത്തി ജീവനക്കാരെ വളഞ്ഞുവെച്ചു. ജില്ലാ കലക്ടര്‍ ഇടപെട്ടതോടെ വൈദ്യുതി പുനസ്ഥാപിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ കുമ്പളയുടെ ചില പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. പിന്നീട് തിങ്കളാഴ്ച ഉച്ചക്ക് 11 മണിയോടെ തിരിച്ചെത്തിയെങ്കിലും രാത്രി ഏഴ് മണിയോടെ വീണ്ടും വൈദ്യുതി മുടങ്ങി. ഇതോടെ ഒരു കൂട്ടം നാട്ടുകാര്‍ കുമ്പള വൈദ്യുതി ഓഫീസിലെത്തി ജീവനക്കാരെ വളഞ്ഞുവെക്കുകയായിരുന്നു.

സംഭവമറിഞ്ഞ് കുമ്പള പൊലീസെത്തി ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കി. വൈദ്യുതി പുനസ്ഥാപിക്കാതെ പിരിഞ്ഞു പോകില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ രാഷ്ട്രീയ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയായിരുന്നു. ഉടനെ കലക്ടര്‍ വൈദ്യുതി ഉദ്യോഗസ്ഥമാരുമായി ബന്ധപ്പെടുകയും പെട്ടെന്ന് തന്നെ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ രാത്രി 11 മണിയോടെ വൈദ്യുതി എത്തി. എന്നാല്‍ ചില സ്ഥലങ്ങളില്‍ വോള്‍ട്ടേജ് തീരെ കുറവാണെന്ന പരാതിയുണ്ട്. 19 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതോടെ രാത്രിയില്‍ ഉറക്കമില്ലാതിരുന്നത് കാരണം ചില വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടായി. ചില ഉള്‍ പ്രദേശങ്ങളില്‍ 48 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

Similar News