കാറിലെത്തിയ സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി; പൊലീസ് പിന്തുടര്‍ന്നതോടെ വിട്ടയച്ചു
പിന്നില്‍ പണമിടപാടുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്നെത്തിയ സംഘമെന്ന് സംശയം;
കുമ്പള: കാറിലെത്തിയ സംഘം ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി. എന്നാല്‍ പൊലീസ് പിന്തുടര്‍ന്നത് മനസിലാക്കിയ സംഘം രണ്ട് മണിക്കൂറിന് ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കുമ്പള ചര്‍ച്ചിന് സമീപത്ത് റോഡില്‍ നടന്നു പോകുകയായിരുന്ന യുവാവിനെയാണ് ഫോര്‍ച്യൂണര്‍ കാറിലെത്തിയ ഒരു സംഘം ബലമായി കയറ്റിക്കൊണ്ടു പോയത്.
യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് സംഭവം കുമ്പള പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പി.വിനോദ് കുമാറിന്റെ നേതൃത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ സംഘം യുവാവിനെ വിട്ടയക്കുകയായിരുന്നു. ഗള്‍ഫിലായിരുന്ന യുവാവ് ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പത്ത് ദിവസം മുമ്പ് നാട്ടിലെത്തിയത്.
പണമിടപാടുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്നെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നു. കാറില്‍ സീതാംഗോളി ഭാഗത്തേക്ക് കൊണ്ടുപോകുകയും പൊലീസ് പിന്തുടര്‍ന്നത് മണത്തറിഞ്ഞ സംഘം യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ യുവാവിന് പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല.