ബിജെപി വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി ബന്ധുവായ യുവതി

കുടുംബത്തിലെ സ്വത്തു തര്‍ക്കത്തിന്റെ ഭാഗമാണ് പരാതി എന്ന് സി.കൃഷ്ണകുമാര്‍;

Update: 2025-08-27 06:50 GMT

തിരുവനന്തപുരം: ബിജെപി വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി ബന്ധുവായ യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. സി.കൃഷ്ണകുമാറിന്റെ അടുത്ത ബന്ധു കൂടിയായ യുവതി ചൊവ്വാഴ്ചയാണ് രാജീവ് ചന്ദ്രശേഖറിന് ഇ മെയില്‍ വഴി പരാതി അയച്ചത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷ്ണകുമാര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ബിജെപി ഭാരവാഹിത്വത്തില്‍ തുടരാന്‍ കൃഷ്ണകുമാറിന് യാതൊരു അര്‍ഹതയുമില്ലെന്നും ഏറെ നാളുകളായി മനസ്സില്‍ പേറുന്ന ദുഃഖം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതുന്നതെന്നും കൃഷ്ണകുമാറിന് എതിരെ നടപടി സ്വീകരിക്കണമെന്നും യുവതി പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചുവെന്നും നടപടി സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസ് പരാതിക്കാരിയെ അറിയിച്ചിട്ടുണ്ട്. പിതാവിന്റെ ചികിത്സാര്‍ഥം രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ ആണെന്നും തിരിച്ചെത്തിക്കഴിഞ്ഞ് തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് ഓഫിസ് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ കുടുംബത്തിലെ സ്വത്തു തര്‍ക്കത്തിന്റെ ഭാഗമാണ് പരാതി എന്നാണ് ആരോപണത്തില്‍ സി.കൃഷ്ണകുമാറിന്റെ പ്രതികരണം. തനിക്കെതിരായ ലൈംഗിക അതിക്രമ പരാതി വ്യാജമാണെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 2010ല്‍ ഇതരമതസ്ഥനായ ഒരാളെ വിവാഹം കഴിച്ച് എറണാകുളത്ത് താമസമാക്കിയ ആളാണ് പരാതിക്കാരി. ഭാര്യവീട്ടിലെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് ഉന്നയിക്കപ്പെട്ടിരിക്കുന്ന പരാതി. വില്‍പത്രവുമായി ബന്ധപ്പെട്ട് ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

പരാതി നല്‍കിയ സമയത്ത്, കേസിന് ബലംകിട്ടാന്‍ താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് പരാതി കൊടുക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. 2015ല്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചപ്പോഴും പിന്നീട് ഭാര്യ 2020-ല്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഉയര്‍ന്നുവന്ന പരാതിയാണിത്.

ഈ പരാതി പൊലീസ് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളതും കോടതി തള്ളിക്കളഞ്ഞിട്ടുള്ളതുമാണ്. ഇത്തരം നനഞ്ഞപടക്കവുമായാണ് വരുന്നത്. വ്യാജപരാതിയാണെന്ന് അറിയാവുന്നതിനാല്‍ പരാതിക്കാരി നേരത്തെ വാര്‍ത്താസമ്മേളനം വിളിച്ച് ഇത് ഉന്നയിച്ചപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തിരുന്നില്ല. അന്ന് പാര്‍ട്ടിക്ക് അകത്തുനിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നയാള്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലിരുന്ന് ചെയ്യുന്നുവെന്നേയുള്ളൂവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

പരാതിയില്‍ പറയുന്നത്:

'കുറച്ചു നാളുകള്‍ക്കു മുന്‍പ് കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം വല്ലാത്ത ഞെട്ടലാണുണ്ടാക്കിയത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളോടു പരാതിപ്പെട്ടു. എളമക്കരയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ഗോപാലന്‍കുട്ടി മാസ്റ്ററെ നേരിട്ടു കണ്ടു പരാതി അറിയിച്ചു. വി.മുരളീധരന്‍, എം.ടി.രമേശ്, അന്നത്തെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി സുഭാഷ് എന്നിവരെയും കണ്ടിരുന്നു. കൃഷ്ണകുമാറിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും നീതി ലഭിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. എന്നാല്‍ എന്റെ പരാതി അവഗണിച്ച് ഒറ്റപ്പെടുത്തുന്ന ദൗര്‍ഭാഗ്യകരമായ നടപടിയാണ് ഉണ്ടായത്.

ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പ്രതിഷേധത്തിന്റെ മുന്നില്‍ കൃഷ്ണകുമാര്‍ ഉണ്ട്. അതിന് ഒരു തരത്തിലുള്ള ധാര്‍മികതയും അദ്ദേഹത്തിനില്ല. പാര്‍ട്ടി പദവി ദുരുപയോഗപ്പെടുത്തി അഴിമതി നടത്തുകയും മറ്റുള്ളവരെ പീഡിപ്പിക്കുകയുമാണ് കൃഷ്ണകുമാര്‍ ചെയ്യുന്നത്. ഇത് പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കുന്ന നടപടിയാണ്. എന്റെ പരാതി ഗൗരവത്തിലെടുത്ത് നീതി ഉറപ്പാക്കണം. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും പാര്‍ട്ടിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും കൃഷ്ണകുമാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'.

ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ക്ക് പരാതിയെക്കുറിച്ച് എല്ലാം അറിയാമെന്നും അദ്ദേഹത്തിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞാണ് യുവതി എല്ലാം പറഞ്ഞതെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു. 'നടപടി എടുക്കുമെന്ന് യുവതിയോടു വാക്കു പറഞ്ഞതാണ്. എന്നാല്‍ അതു പാലിച്ചില്ല. എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ എത്തിയാണ് യുവതി പരാതി അറിയിച്ചത്. സ്ത്രീകളുടെ അവകാശത്തിനായി പൊരുതുന്ന ശോഭാ സുരേന്ദ്രനുമായും യുവതി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. കൃഷ്ണകുമാറിനെ സംരക്ഷിക്കാന്‍ വേണ്ടി അവര്‍ നുണ പറയുമോ എന്ന് എനിക്കറിയില്ല.

സുരേഷ് ഗോപിക്കും ഇക്കാര്യങ്ങള്‍ എല്ലാം അറിയാം. അവര്‍ മൂന്നു പേരും പ്രതികരിക്കട്ടെ. ഇക്കാര്യങ്ങള്‍ ഇനി മറച്ചുവയ്ക്കാന്‍ കഴിയില്ല. കുടുംബത്തിന് അകത്തുണ്ടായ പീഡനമാണെങ്കില്‍ അതിന് ഗൗരവമില്ലെന്നാണോ പറയുന്നത്? ലൈംഗികപീഡന പരാതി കോടതിയുടെ മുന്നില്‍ വന്നിട്ടില്ല. ബിജെപിയില്‍ ഉണ്ടായിരുന്ന സമയത്ത് എനിക്കും സംസ്ഥാന നേതൃത്വത്തിനും ആര്‍.എസ്.എസ് നേതൃത്വത്തിനും കൃത്യമായ ബോധ്യമുള്ള കാര്യമാണിത്.' - എന്നും സന്ദീപ് പറഞ്ഞു.

Similar News