വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍; അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍
ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു;
തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാവിലെ 9 മണിയോടെയാണ് കവടിയാറിലെ വീട്ടില്‍ നിന്ന് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ എത്തിച്ചത്. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഈ മാസം 26 ലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ബുധനാഴ്ചത്തെ എല്ലാ പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റി വെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി.എസ്.സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ബുധനാഴ്ചത്തെ പൊതുഅവധി സംസ്ഥാനത്തെ ബാങ്കുകള്‍ക്കും ബാധകമാണ്. ബുധനാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.