ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍
സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും;
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകളാണ് അക്ഷരലോകത്തേക്ക് ചുവടുവയ്ക്കുന്നത്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.
കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം എന്നിവടങ്ങളിലുള്‍പ്പെടെ എഴുത്തിനിരുത്തല്‍ തുടങ്ങി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ജാതി, മതഭേദമെന്യേ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് ഇവിടെ എത്തുന്നത്.
കര്‍ണാടകയിലെ കൊല്ലൂര്‍ ക്ഷേത്രത്തില്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ മലയാളികളും ഉണ്ട്. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവിടെ എഴുത്തിനിരുത്താനുള്ള ആളുകളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 20ലധികം ഗുരുക്കന്‍മാരാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നത്.
വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ദുര്‍ഗാഷ്ടമി നാളില്‍ പൂജവച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളില്‍ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു. വിജയദശമി അഥവാ ദസറയുമായി ബന്ധപ്പെട്ട് വിവിധ കഥകളാണ് ഇന്ത്യയുടെ വിവിധയിടങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നത്. ചിലതിന് രാമായണമായും മഹാഭാരതവുമായും ബന്ധമുണ്ട്. മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ ദുര്‍ഗാദേവി വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി എന്നും ഐതിഹ്യമുണ്ട്. ദുര്‍ഗ്ഗാദേവി മഹിഷാസുരനുമായി ഒന്‍പത് ദിവസം യുദ്ധം ചെയ്ത് വധിച്ച് ഭൂമിയില്‍ സമാധാനം തിരികെ കൊണ്ടുവന്നുവെന്നാണ് ഐതിഹ്യം.