വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിയുടെ മാതാവ് ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതീക്ഷയോടെ അന്വേഷണസംഘം
തിരുവനന്തപരും: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകശ്രമത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍. നിലവില്‍ അവര്‍ക്ക് ബോധം വന്നിട്ടുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ബന്ധുക്കളെയൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടര്‍ കിരണ്‍ രാജഗോപാല്‍ പറഞ്ഞു. ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷമിയുടെ ആരോഗ്യനിലയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടനില പൂര്‍ണ്ണമായും തരണം ചെയ്തു എന്ന് പറയാന്‍ പറ്റില്ലെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. വേദനയുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. ശരീരമാസകലവും തലയിലും മുറിവുകളുണ്ടായിരുന്നു. മുഖത്തെ എല്ലുകള്‍ക്കും തലയോട്ടിക്കും പൊട്ടലുണ്ട്. എങ്കിലും സംസാരിക്കാന്‍ പറ്റുന്ന സ്ഥിതിയാണ്. 48 മണിക്കൂറിന് ശേഷം ഒരു സ്‌കാന്‍ കൂടി ചെയ്യേണ്ടതുണ്ട്. അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ നല്‍കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൊലീസിനെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഷമി ഇളയമകന്‍ അഫ്‌സാന്റെ മരണവിവരം അറിഞ്ഞിട്ടില്ലെന്ന് ബന്ധു നാസര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ഷമിക്ക് ബോധം തെളിഞ്ഞപ്പോള്‍ അഫ്‌സാനെ കാണണം എന്നാണ് ആവശ്യപ്പെട്ടത്. എന്നെ കണ്ടപ്പോള്‍ കരയുകയും അഫ്‌സാനെ അന്വേഷിക്കുകയും ചെയ്തു. ഷമി ചെവി അടുത്തുപിടിച്ച് സംസാരിക്കുന്നത് കണ്ടുവെന്നും നാസര്‍ പറഞ്ഞു.
അവന് എന്തെങ്കിലും പറ്റിയോ, മുറിവ് പറ്റിയോ എന്നായിരുന്നു ഷമിയുടെ ചോദ്യം. കരഞ്ഞുകൊണ്ടാണ് ഇക്കാര്യം ചോദിച്ചത്. ഐസിയുവില്‍ നിന്ന് ഇറങ്ങുമ്പോള്‍ മോനെ കൊണ്ടുവരണം എന്ന് പറഞ്ഞു. അഫാനെപ്പറ്റി ഒന്നും ചോദിച്ചില്ല. നടന്ന സംഭവത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും നാസര്‍ പറഞ്ഞു.
അതേസമയം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഷെമിയില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ജീവിച്ചിരുന്നത് രണ്ടുപേര്‍ മാത്രമാണ്. അതില്‍ ഒന്ന് അഫാനും മറ്റൊന്ന് മാതാവ് ഷമിയും ആണ്.
കൊലയ്ക്കുള്ള യഥാര്‍ഥ കാരണം ഇതുവരെ അറിവായിട്ടില്ല. അഫാനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ. എല്ലാവരേയും കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് ആക്രമിച്ചാണ്. കൊലപ്പെടുത്തിയവരില്‍ കാമുകിയും ഉണ്ട്.