വെഞ്ഞാറമൂട് കൂട്ടകൊലപാതകം: കാരണം വന്‍കട ബാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് ?

Update: 2025-02-27 04:00 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിലേക്ക് നയിച്ചത് വന്‍ കടബാധ്യതയെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. കടബാധ്യത സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. പ്രതി അഫാന്റെ പണമിടപാടുകള്‍ സംബന്ധിച്ചും അന്വേഷിക്കും. കുടുംബവുമായി ഇടപാടുകള്‍ നടത്തിയവരെ കുറിച്ചും കടം നല്‍കിയവരെ കുറിച്ചും വിവര ശേഖരണം നടത്തും. ബുധനാഴ്ച ബോധം തെളിഞ്ഞ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഷെമിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഷെമിക്ക് വന്‍ കടബാധ്യതയുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

അതിനിടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള പ്രതി അഫാന്റെ അറസ്റ്റിനായി ഡോക്ടര്‍മാരുടെ അനുമതിക്ക് കാത്തുനില്‍ക്കുകയാണ് അന്വേഷണ സംഘം.

അഫാന്‍, പെണ്‍സുഹൃത്ത് ഫര്‍സാനയുടെ മാല പണയം വെച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൊലപാതകങ്ങള്‍ നടത്തുന്നതിനിടയിലും മുത്തശ്ശി സല്‍മാ ബീവിയുടെ മാല പണയം വെച്ച് കിട്ടിയ തുക കടം വീട്ടാനാണ് പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങള്‍ ഡിവൈഎസ്പി മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അഫാന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ മടങ്ങുകയായിരന്നു. ഇന്ന് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Similar News