വെഞ്ഞാറമൂട് കൊലപാതകം; പോസ്റ്റുമോര്‍ട്ടം ഇന്ന്; പ്രതിയെ ഇന്ന് തന്നെ ചോദ്യം ചെയ്‌തേക്കും
തിരുവനന്തപുരം; വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തില്‍ വിറങ്ങലിച്ച് കേരളം. കൊല്ലപ്പെട്ട അഞ്ച് പേരുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സല്‍മ ബീവി, അഫ്‌സാന്‍, ലത്തീഫ്, ഷാഹിദ, ഫര്‍സാന എന്നീ 5 പേരുടെ കൊലപാതകം അഫാന്‍ നടത്തിയത് തിങ്കളാഴ്ച രാവിലെ പത്തിനും ആറിനും ഇടയിലാണെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ എസ്.പി സുദര്‍ശനാണ് അന്വേഷണ ചുമതല. പ്രതിക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയില്ലെന്നും എന്നാല്‍ ഇത് ഉറപ്പിക്കാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള അഫാന്റെ ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിഷം കഴിച്ചതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇവിടെ വെച്ച് തന്നെ അഫാന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ഡോക്ടര്‍മാര്‍ അനുമതി നല്‍കിയാല്‍ പ്രതിയെ ഇന്ന് തന്നെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.
അഫ്‌നാനും പെണ്‍കുട്ടിയും തമ്മില്‍ ഉള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്നായിരുന്നു ഫര്‍സാനയുടെ ബന്ധു താഹ പറയുന്നത്. വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമായിരുന്നു. പ്രണയബന്ധം പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടി ഇന്നലെ വീട്ടില്‍ നിന്ന് ഇറങ്ങിയത് മൂന്നരയോടെയാണ്. ട്യൂഷന്‍ എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അഫ്‌നാനൊപ്പം ബൈക്കില്‍ പോകുന്നത് കണ്ടിരുന്നുവെന്നും താഹ പറഞ്ഞു.അഞ്ചല്‍ കോളേജില്‍ ബിഎസ്സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയായിരുന്നു ഫര്‍സാന.